തീഷ്ണമാം ഉച്ചവെയിലിനേക്കാള്‍ ഏറെ
മൂര്‍ച്ചയുണ്ടായിരുന്നോരോ നോട്ടത്തിനും
വേട്ടനായയേക്കാൾ ഭയം തോന്നിക്കും
ക്രൂരമാം അട്ടഹാസത്തെ മറന്നു ഞാന്‍
ഒറ്റയടിപാതയിലൂടന്നു ഞാന്‍
എത്രയും വേഗം നടക്കാന്‍ ശ്രമിക്കവേ
ആദ്യ ഗര്‍ഭത്തിന്റെ ആലസ്യമെന്നില്‍
മേലാകെ തളരുന്ന ക്ഷീണമുളവാക്കി
പേടികൊണ്ടെപ്പോഴും പിന്നിലേക്കൂളിയി-
ട്ടോടിയൊളിക്കാന്‍ കിണഞ്ഞു ശ്രമിച്ചു ഞാന്‍
അപ്പോഴും ഒപ്പത്തിനൊപ്പമായ് മാംസഭോജിയാം
കഴുകന്‍മാര്‍ പിന്തുടര്‍ന്നെന്നെ
അടിതെറ്റി വീണെന്‍ ഉടയാടയൂര്‍ന്നപ്പോള്‍
നിലവിട്ടു പോയെന്റെ മനസിനും വല്ലാതെ..
കൊതിയൂറും പലഹാര പാത്രത്തെ മൂടുന്ന
ഈച്ചയെ പോലവര്‍ ചുറ്റും നിരന്നപ്പോള്‍..
പേടിച്ചരണ്ടു ഞാന്‍ ഓടാന്‍ ശ്രമിച്ചപ്പോൾ
ഏറെ ബലിഷ്ടമാം കൈകള്‍ കൊണ്ടാരോ
എന്‍ ശിരസാനിലത്താഞ്ഞടിച്ചതേ
എന്‍ മനസിലോര്‍മ്മയുള്ളു...
ഉടലാകെ നീറുന്ന വേദനകൊണ്ടു ഞാൻ
പതിയെ മിഴികൾ തുറക്കാൻ ശ്രമിക്കവേ...
മിഴിയിലൂടൊഴുക്കുന്ന കണ്ണീരു പോലും പറയാതെ പറഞ്ഞു... നീ മരിച്ചിട്ടില്ല!
ആര്‍ത്തനാദങ്ങളും അട്ടഹാസങ്ങളും കേട്ടെന്റെ ഹൃദയം നുറുങ്ങുന്നതായ് തോന്നി
പിന്നെയെന്‍ ബോധം തെളിഞ്ഞപ്പോള്‍ ഞാനേതോ
ഇരുട്ടിന്റെ ഗര്‍ഭഗ്രഹത്തിലാണെന്ന് മനസിലായി
ഒന്നെഴുന്നേല്‍ക്കാനോ കരയാനോ കഴിയാതെ
ഭ്രാന്തുപിടിക്കുന്ന തോന്നലുണ്ടായി..
അന്നേരം എന്റെ നെറുകിലെ സിന്ദൂരത്തോടൊപ്പം
എന്തോ കൊഴുത്തതായ് ഒഴുകുന്ന പോല്‍ തോന്നി
പിന്നെ മനസിലായ് മരവിച്ച ദേഹത്തൂടെ
ഊര്‍ത്തൊലിക്കുന്നത് ചുടുചോരയാണെന്ന സത്യം..
അപ്പോഴെന്‍ ഉള്‍ക്കാമ്പില്‍ അത്യുച്ചതിൽ കേട്ടു
അമ്മ എന്ന വിളിയും കരച്ചിലും
ക്രൂരവിനോദം കഴിഞ്ഞുപേക്ഷിച്ചിട്ട പാവപോല്‍
നിര്‍ജീവമായിരുന്നെന്റെ ശരീരവും
മനസിന്റെ താളങ്ങള്‍ തിറകെട്ടിയാടി
യാഥാര്‍ത്ഥ്യമുള്‍കൊള്ളാനാവാതെ ഞാന്‍ തേങ്ങി!
ഞെട്ടി ഞാന്‍ മെല്ലെ ഉണര്‍ന്നപ്പോള്‍...
ചുറ്റുമീര്‍പ്പത്തിന്റെ ഗന്ധം, പിന്നെ
എഴുന്നേൽക്കുവാൻ തുനിഞ്ഞപ്പോള്‍
പാദത്തിലെന്നോ കെട്ടിയ ചങ്ങലയുടെ കനം!