നിന്റെ നാവിന്മേൽ ഒരഗ്നി പർവതം പൊട്ടി,
ലോഹലായനി വീണെൻ ഉൾത്തടം കരിഞ്ഞുപോയ്.
ഓർക്കാതെ മറവിതൻ ഉരുക്കറ യ്ക്കുള്ളിൽ
പൂട്ടൂവാൻ കഴിയുമോ ആ തിക്ത മുഹൂര്‍ത്തത്തെ?
നീ തന്നെ അമ്മ, കലൂന്നുമിടമാ കാട്
രാജ്യമെന്നല്ലോ അമ്മ മന്ത്രിച്ചതെന്നോടന്ന്!
സന്ധ്യകൾ വരുന്നു പിന്നെയും പിന്നെയും
ചെമ്പൻ കൊമ്പുകൾ കുലുക്കി അറവു മൃഗം പോലെ.
മേഘനാഥ നാഗശരങ്ങളയ് ദംശിക്കന്നു
ഇന്നുമെൻ ഹൃദന്തത്തെ മൈഥിലി നിൻ വാക്കുകൾ .
ഊർമിള വിരഹത്തിൻ വേദന പാനം ചെയ്കെ
മാതൃപൂജയായ് നിനക്കന്നു ഞാൻ കാവൽ നിന്നു.
മാരീചകപടത ബോദ്ധ്യമില്ലെങ്കിൽ പോലും.
രാഘവശംബ്ദം നിനക്കറിയാൻ കഴിഞ്ഞീലേ?
മുലയും മൂക്കും മുറിച്ചാജ്ഞയേ പാലിക്കയാൽ
ഈയലായനിയിൽ ആണിന്നുമെൻ തലച്ചോറ്.
ജന്മകർമമായ് തന്നെ സഹർഷം സ്വീകരിക്കാം,
രാമനായ് പാപം ചെയ്യാൻ പിറന്നോനാണല്ലോ ഞാൻ.
മറ്റൊരു പാപം പേറി തെളിക്കും രഥത്തിന്റെ
പിന്നിൽ നീ മൂകം തേടി ഇരിപ്പതെന്താണയ്യോ?
വേട്ട പെണ്ണിനെ പ്രജാതാല്പര്യം വേടിയുവോൻ
രാജനൊ കാട്ടാളനൊ പറയൂ ചണ്ഡാളനൊ?
പുത്രനേ വെടിഞ്ഞാലും പതിയെ പതിവ്രത
ഒട്ടുമേ കൊടുക്കില്ല ദുർവിധിക്കൊരു നാളും.
കണ്ടതില്ലല്ലൊ രാമനീ സ്ത്രീസൗന്ദര്യം,
കണ്ടതില്ലല്ലൊ ലക്ഷ്മീഹീനമാം അയോദ്ധ്യയെ .
കുങ്കുമക്കുടമുടച്ചന്തി ഇരുളാൻ തുടങ്ങുന്നു,
പുലരിപ്പിറവികൾ ഇനി ആ ഇരുളിൽ കലങ്ങിടാം!
ത്യജിക്കാൻ പറഞ്ഞു, ഞാൻ ത്യജിക്കുന്നു
നിന്നെ കാനനാന്തരേ സീതേ, ക്ഷമിക്കു എന്നോടു നീ.