രണ്ടാം നിലയിൽ പുതിയ
താമസക്കാരെത്തി.
സ്വസ്ഥത മരിച്ചു.
അതറിഞ്ഞ
നിശ്ശബ്ദത കണ്ണീർ പൊഴിച്ചു.
ഭാർഗ്ഗവീനിലയം പോലെയിപ്പോൾ,
മുകളിൽ തലങ്ങും വിലങ്ങും
കനത്ത കാലടിശബ്ദങ്ങൾ.
ആരൊക്കയോ കവാത്ത് നടത്തുന്നു.
അടുക്കളയിൽ പാത്രങ്ങൾ
തമ്മിൽ യുദ്ധം ചെയ്യുന്നു.
താഴെ വീണുരുളുന്നു.
ആർത്തനാദത്തിൻ ധ്വനികൾ.
ഏതോ യന്ത്രങ്ങളുടെ അലർച്ചയും മുരൾച്ചയും ചൂളംവിളികളും.
അത്താഴവിരുന്നിനെത്തും അതിഥികൾ പാതിരാത്രികളിൽ ന്യത്തം തുടങ്ങിയതൊരു
ശിവ താണ്ഡവമായി മാറുന്നു.
കനത്ത കൂടം പോലെ
ഇടനെഞ്ചു തകർക്കും ആസുരതാളം
അട്ടഹാസങ്ങൾ, ആക്രോശങ്ങൾ
ആർപ്പുവിളികൾ.
ഭക്ഷണമേശക്ക് ചുറ്റുമുള്ള
ആക്രമണങ്ങൾ.
ഏതോ ടാപ്പിലെ വെള്ളം,
സ്വീകരണമുറിയിലെ ചുമരിലൂടെ
ചെറുജലപാതമായൊലിച്ചിറങ്ങുന്നു.
ഒടുവിലവർ പിരിയുമ്പോൾ, നേരം പുലർന്ന
രാത്രികാവൽക്കാരനെ പോൽ
എന്റ്റെ പകലുകൾ രാത്രികളാകുന്നു.
ഞാനും വീടുമുറക്കം പിടിക്കുന്നു.
മുകളിലെ നിലയിലുള്ളവർ
അയൽക്കാരാണെങ്കിലും,
എൻടെ കടുത്ത ശത്രുക്കളുമാണ്.
പക്ഷെ ,ഉറപ്പായിട്ടും
താമസമൊഴിയുന്ന ദിവസം,
ആ നിമിഷംമുതൽ അവർ
ആത്മമിത്രങ്ങളായ് മാറിയിരിക്കും.