മുറ്റത്തെ മാമരച്ചില്ലയിൽ ചന്തത്തി -
ലെത്ര കിളികൾ പറന്നു വന്നൂ ...
അന്തിക്കു കൂട്ടിലായെന്തു മേളം
എല്ലാരുമൊത്തു ചേരുന്നനേരം!
ഒരു ദിനം ചുള്ളികൾ ചേർത്തുവെച്ചൂ
പുതിയൊരു കൂടിൻ പണി തുടങ്ങീ...
കൂട്ടിലായ് മുട്ടയിട്ടോമനപ്പൈങ്കിളി
കാത്തിരിപ്പായി വിരിഞ്ഞീടുവാൻ!
നിറമുള്ള സ്വപ്നങ്ങൾ പൂത്തുലഞ്ഞൂ...
ചിറകൊതുക്കീയവൾ കാത്തിരുന്നു...!
ഒരു ദിനം കൊക്കുപുറത്തു കാട്ടി
അരുമയാം കുഞ്ഞുങ്ങൾ കൂട്ടിലെത്തീ....
അമ്മക്കിളിയവളെല്ലാം മറന്നു തൻ
കുഞ്ഞോമനകളെയോമനിച്ചൂ...
കൂട്ടിൽ നിന്നമ്മ പുറത്തു പോയീ
കൊക്കിലിരയുമായ് കൂടണഞ്ഞു...
കുഞ്ഞിച്ചിറകുകൾ വീശിദൂരെ -
യമ്മയോടൊത്തു പറന്നുയരാൻ
ഉണ്ണികളേറ്റം കൊതിച്ചെങ്കിലും
അമ്മയനുമതിയേകിയില്ലാ..
കുഞ്ഞിച്ചിറകു വളർന്നതി ല്ലായ്കയാൽ
കുഞ്ഞുങ്ങളെയവൾ ചേർത്തണച്ചൂ
എന്നും പുലരിയുദിച്ചുയർന്നാൽ
അമ്മയിരതേടി യാത്രയാവും
എത്രയും വേഗം പറന്നെത്തിയാ-
കൂട്ടിലേക്കെത്തി പശിയാറ്റിടും
അല്ലലറിയാതെ പൊന്നുമക്കൾ
അമ്മ തൻ ചൂടേറ്റുറങ്ങുമെന്നും ..
കർമനിരതയാക്കൊച്ചു പക്ഷി
കുഞ്ഞുങ്ങളൊത്തു കഴിഞ്ഞു കൂടി..
കാലമേറെ ച്ചെന്നതൊന്നുമോരാ-
തന്നും പതിവുപോൽ ദൂരെയെങ്ങോ
ചെന്നുതൻ കൊക്കിലിരയുമായി
എത്തുമതിന്നിടെ മക്കളെല്ലാം
തന്നോളമായതു മോർത്തതില്ലാ!
ഒരു ദിനം കൊക്കിലിരയുമായി
ത്വരയോടെ കൂട്ടിലേക്കെത്തീയവൾ
കണ്ണിനും കണ്ണായി കാത്തുപോന്ന
കുഞ്ഞിക്കിളികൾ പറന്നുപോയീ!
എന്നേക്കുമായി പറന്നകന്ന
തൻമക്കളെയോർത്തു കേഴുമമ്മ
കൂട്ടിൽത്ത നിയെതളർന്നിരുന്നൂ
കൂട്ടിനായാരുമില്ലെന്നതോർക്കെ!!