പുത്രകാമേഷ്ടി നടത്തേണ്ടതുണ്ടു
സത്പുത്രസൗഭാഗ്യം വസുന്ധര നേടുവാൻ.
മാധവാംഗുലി മുറിവേറ്റനാൾ ദ്രൗപദി ബന്ധിച്ചുനൽ
കിയോരംശുക
ശകലമുരിഞ്ഞതും,
അക്കീറുകൊണ്ടു ന്യായദേവതയുടെ
കണ്ണിണ ബന്ധിച്ചതും,
കച്ചേരിമുറിയകം
അന്ധകാരബന്ധിതമായതും
വിഷമുനശരങ്ങളായ്
തറഞ്ഞു നോവുകൊണ്ടീടവേ
സഹന വഴിയിൽ തളർന്നു വീഴുന്നൊരു
വൃണിതഹൃദയൻറ മത്തിഷ്ക സ്ഫോടനം;
'പുത്രകാമേഷ്ടി നടത്തുക മടിയാതെ
സത്പുത്രസൗഭാഗ്യം വസുന്ധര നേടുവാൻ!'
ധൂർത്തവ്യാമോഹികൾ മനുജർ മനസാക്ഷി
പാടേവെടിഞ്ഞു ചവിട്ടിക്കുഴച്ച ചതുപ്പിൽ
ഏഴു ദിനങ്ങൾ ആഹരിക്കാത്തൊരു
ദരിദ്രൻറ
ആമശയത്തിൽപടർന്നകാട്ടുതീനാമ്പിനെ
മോഷ്ടിച്ച കുറ്റം ചുമത്തി തല്ലി ക്കെടുത്തിയ
കാട്ടുനീതിതൻ ആഭിചാരക്കളം കൊണ്ടു
നിറയുന്നു കാവുകൾ.....
മാരിബാധിച്ചു വിറപൂണ്ട പെണ്ണിന്റെ ചോര കിനിയും
ദശ കടിച്ചു പറിച്ചൊരു പേപ്പട്ടിതൻ ക്രൂര
ദാഹം ശമിയാതെ
ബീഭത്സവേഗമാർന്നീടുന്നു ഘടികാരസൂചികൾ.....
വാതം പിടിച്ചു തളർന്ന മാതാവിനു തേക്കാൻ
കുഴമ്പും കുടിക്കാനരിഷ്ടവും മേടിച്ചിടാൻ
തികയാത്ത
വേതനമുച്ഛിഷ്ടമായ് തുപ്പിനൽകും വ്യവസായിതൻ
കഠിന ചിത്തം കണ്ടു കണ്ണും മുഖവും പൊത്തി
സൂര്യൻ മറിയുന്ന പകലന്തിവേളകൾ....
വേരുരുക്കും പൊട്ടി, മണ്ണുമാന്തിതൻ
ചക്രപ്പാടുകൾ,
ഇത്തിരി നേട്ടങ്ങൾ, ഒത്തിരി സ്വപ്നങ്ങ-
ളൊക്കെയും മൂടിയ മൺകൂനയിൽ
എജമാനഗന്ധം ചികയുന്ന ശ്വാനദുഖം മാത്രം അന്ന്യമായ്തുടരവേ,അഴലാഴങ്ങളിൽ നിന്നുഉയരുന്ന
ബുദ്ബുതശതങ്ങളിൽ ഉയിർകൊള്ളുമർത്ഥന;
പുത്രകാമേഷ്ടി നടത്തുക മടിയാതെ
സത്പുത്ര സൗഭാഗ്യം വസുന്ധര നേടുവാൻ!