ഒന്നുമില്ലൊന്നുമില്ലൊരു നോവ്.
അമ്മത്തുമ്പിൽ തുളുമ്പാതിരിക്കുന്ന നേരം .
വാസനപ്പെട്ട കാറ്റും ഞാനും
തനിച്ചു നിൽക്കേ
നേർത്തുനേർത്തൊരമ്മയുമ്മയായ്
കവിളിലലിഞ്ഞതും .
ഇഷ്ടമേറും രുചിയായ്
വെന്തുപാകപ്പെട്ടു തീൻമേശ നിറച്ചതും .
പുലരികൾ കുളിച്ചു കേറുമ്പോഴുച്ചിയിൽ
രാസനാദി വൈദ്യമായതും .
വെറുതെയല്ല വെളിച്ചമെന്നൂതിയൂതി ചുവന്നതും .
വർണ്ണമാകെ നിറഞ്ഞൊരുത്സവപ്പറമ്പിൽ
പമ്പരക്കറക്കമായതും .
ഭയപ്പെട്ടോടിയടുക്കെ കൈകളാൽ വേലി തീർത്തതും .
കൂടെയുണ്ട് ,കൂട്ടിനുണ്ട്
കരളാഴങ്ങളിലമ്മയായുണ്ടെന്ന് പറഞ്ഞതും .
തെരുവിലങ്ങനെ വീശിയടിച്ചൊരാഭാസച്ചിരിയെ
മറുത്ത കരുത്തായതും .
നിന്നിൽ നിന്നടരാതിരിക്കാൻ
പരിശ്രമിക്കെ അറിഞ്ഞു നീ മരമായതും .
പിറന്നവൾ, കുഞ്ഞെന്നോതിയോതി
കൂടെ വന്നതും .
അമ്മനിറവായലിഞ്ഞതും.
എന്നെ പുണർന്നതും
വളരാതെ വളരാതെ നിന്നാൽ
കുട്ടിയായ് തുളുമ്പാൻ
വീണ്ടും വീണ്ടും കൊതിയാർന്നു നിൽപ്പവൾ .
അമ്മത്തുമ്പിൽ തുളുമ്പാൻ
കൊതിയാർന്നു നിൽപ്പവൾ.