(ഷൈലാ ബാബു)
അച്ഛാ... തണുക്കുന്നു
ഭീതിയും പുൽകുന്നു,
ഏകയായ് ചുഴിയിൽ
പതിച്ചിടുന്നു!
ദേഹം വെടിഞ്ഞൊരു
ദേഹിയാണിന്നു ഞാൻ,
ആത്മം വിറച്ചവൾ
തേങ്ങിടുന്നു!
മഞ്ഞുപോൽ മരവിച്ചു
നിശ്ചലമായി ഞാൻ,
തുണയായൊരാളു-
മെൻ കൂടെയില്ല!
ശുഭ്രവസ്ത്രങ്ങള-
ണിഞ്ഞുകിടക്കുന്നു,
മായാതെ പുഞ്ചിരി
മിന്നിടുന്നു!
ബന്ധുമിത്രാദികൾ
സർവരും കൂടുന്നു,
നൊമ്പരക്കണ്ണീരിൽ
വിങ്ങിടുന്നു.
ആർത്തലച്ചമ്മയും
വീഴുന്നു ദേഹത്തിൽ,
മൂകമായച്ഛനും
കേണിടുന്നു!
വാടിയതണ്ടുപോൽ
പാവമെന്നനിയനും,
പൊട്ടിക്കരഞ്ഞു
തളർന്നിടുന്നു!
സൗരഭ്യമുല്ലയും
ചെമ്പനീർദലങ്ങളും,
പെട്ടിയിൽ നിറയും
സുഗന്ധമായി!
കണ്ണീരിലേകുന്നു
ചുംബനമുദ്രകൾ,
മൂകപ്രകൃതിയും
തേങ്ങിനില്പൂ!
ധിക്കാരമുള്ളിൽ
രസിച്ചുകളിക്കവെ,
താതന്റെ വാക്കുകൾ
കേട്ടതില്ല.
മണ്ണിന്റെ തിട്ടയിൽ
പോസിനായ് നിൽക്കവെ,
ഇടറുന്നകാൽകളാൽ
വീണുപോയി.
അമ്പലക്കുളത്തി-
ന്റെയാഴത്തിലമർന്നു,
ഞാനാരോപിടിച്ചു-
വലിക്കുംപോലെ!
ജീവന്റെ തുടിപ്പുകൾ
ശേഷിച്ചില്ലൊട്ടുമേ,
അന്ത്യസമയവും
വന്നണഞ്ഞു!
അവസാനസെൽഫിയും
കാണാൻ കഴിയാതു-
യരെ,പറന്നിടാൻ
നേരമായി!
കാണുവാൻ സാദ്ധ്യമ-
ല്ലെങ്കിലു,മച്ഛന്റെ
പൊന്നു മോളൊപ്പ-
മായ് ചാരെയുണ്ട്!
സായാഹ്നജീവിത-
വേളയിലെന്നെന്നും,
കരുതലായനിയനു-
ണ്ടായിരിക്കും!
അച്ഛന്റെ മുത്താകും
മാലാഖക്കുഞ്ഞിതാ,
സ്വർഗ്ഗേ,വസിച്ചിടാൻ
പോയിടുന്നു!
ആവതില്ലെനിക്കച്ഛാ
യാത്രയായിടുവാൻ,
സങ്കടം മഴനീരായ്
പെയ്തിടുന്നു!
അനുദിനമേകിടു-
മർത്ഥനാമലരുകൾ,
ആത്മാവിൽ മോക്ഷം
ചൊരിഞ്ഞിടട്ടെ..!