(Sathish Thottassery)
ഇസബെല്ലാ നീയും മറന്നുപോയോ?
നിന്നെ ഞാൻ സ്നേഹിച്ചിരുന്ന കാലം
ഒരു ഞാറ്റുവേല പെയ്തൊഴിയുന്നപോൽ
നമ്മളിൽ പ്രണയ മഴ പെയ്ത കാലം .
എന്നെന്നും നിന്റെയരികത്തിരിക്കുവാൻ
എന്മനമേറെ കൊതിച്ച കാലം.
നിന്നുടൽ തഴുകി വരുന്നൊരാ കാറ്റിന്
ചെമ്പനീർ സൗരഭ്യമായിരുന്നു.
നിന്റെ വസ്ത്രാഞ്ചല സ്പർശനം പോലു-
മെന്നഗതാരിൽ കുളിർ കോരിയിട്ടിരുന്നു.
ഘനശീതഭാരം നിറഞ്ഞനിൻമൊഴിയിലെൻ
മന ഘടികാരസൂചികൾ നിലച്ചിരുന്നു.
കടൽനീലനിറമുള്ള കടമിഴികളിൽ ഞാൻ
കണ്ടത് കാണാ കിനാക്കളല്ലോ!
നുണക്കുഴിചന്തം ചിന്തുമാ കവിളിൽ ഞാൻ
കണ്ടത് കസ്തൂരി മഞ്ഞളല്ലൊ!
തേൻതുള്ളിയിറ്റിറ്റുവീഴും ചൊടിയിൽഞാൻ
കേട്ടതനുരാഗ ഗാനമല്ലോ.!
ഇസബെല്ലാ, മറന്നിട്ടില്ലിനിയും
നിന്റെ ഭാഷണങ്ങൾ.
ഇന്നുമെന്റെ ഓർമ്മയിലെ വാടാമലരുകൾ.
നീ വളർന്ന കുട്ടനാടൻ ഗ്രാമഭംഗി,
പുഴയോരത്തെ, ധവളശോഭയുള്ള നിന്റെ വീട്.
വാക പൂത്ത നാട്ടുവഴികൾ
കൂടുതേടി തത്തിപ്പറക്കുന്ന
നെയ്ത്തുമ്പികളെപ്പോലെ
കളിച്ചുനടന്ന
നിന്റെ ബാല്യകൗമാരങ്ങൾ.
അച്ചുകൂടത്തിലെ അക്ഷരസ്നേഹിയായ അച്ഛനും,
അതിജീവനത്തിന് അക്കരെ പോയ
അരമാസത്തെയവധിക്കു ആണ്ടിലൊരിക്
വരുന്നസ്നേഹമയനായ സോദരനും,
അവന്റെഅരുമക്കിടാവായൊരുണ്ണിയും
ഭൂമിയിൽ സ്വർഗ്ഗം തീർത്ത രക്ത ബന്ധങ്ങളും
പ്രണയപ്പനിയിൽ വിറകൊള്ളവേ
”ഞാൻ ഈ ചെയ്തതെല്ലാം അങ്ങയുടെ വാക്ക് അനുസരിച്ചാണ്"എന്ന
ദേവാലയത്തിലെ നിന്റെഞായറാഴ്ച പ്രാർത്ഥനയെ കുറിച്ച്
നീ പറഞ്ഞതും എല്ലാമെല്ലാം..
നിരത്തോരനഗര നിയോൺവിളക്കുകൾ
മോഹിച്ചു നാണിച്ചു പൊൻ ചേല ചുറ്റവേ
ഒന്നിച്ചിരുന്നു നാം സംഭാഷണത്തിന്റെ
ശകടമോടിച്ചതും,
ഇണങ്ങിയു പിണങ്ങിയും പ്രണയ കലഹങ്ങളിൽ
മുങ്ങി നിവർന്നോരാ സായന്തനങ്
സുരഭില സ്വപ്ന സമാഗമ വേളകൾ.
നിന്നെക്കുറിച്ചുള്ളോരോർമ്മയെല്
ഒരു നെരിപ്പോടായി ജ്വലിക്കുന്നുമിന്നും.
അന്ന് ഞാൻ കോറിയ വരികളെല്ലാംനിന്റെ
പ്രണയം പറയുന്നതായിരുന്നു.
ഇന്നെൻ കരളിൽ മുറിപ്പാടുകൾ തീർത്താ
കവിതയെന്നിൽ നിന്നകന്നുപോയി.
വിറയാർന്നൊരാവിരൽത്തുമ്പിനാ -ലന്നൊരു
ഹസ്തദാനത്തോടെ വിടചൊല്ലിയെങ്കിലും.
ജന്മാന്തരങ്ങൾ കഴിഞ്ഞാലുമാ പ്രണയ
സ്മരണകൾ നമ്മിൽ നിറഞ്ഞു നിൽക്കും