പോരുമോ എന്നൊന്ന് ചോദിച്ചേയുള്ളു ഞാൻ
എത്രയോ കാതങ്ങൾ നടന്നു നീയോമനേ !
കാലുതളർന്നുവോ , ദാഹം വലച്ചുവോ ,
ആൽത്തറ തന്നിൽ ഇരിക്കാം നമുക്കിനി.
കാലുകൾ മെല്ലെ തലോടിത്തരാം സഖി
തലയൊന്ന് എൻ നെഞ്ചിൽ ചാരിയിരിക്കുക
എത്രവർഷങ്ങൾ നടന്നതാണൊപ്പം നാം
എത്രകിനാവുകൾ കെട്ടിച്ചമച്ചു നാം .
നന്ദി പറയാൻ മറന്നു ഞാനെങ്കിലും
നന്ദിയാൽ എൻ മനം ആദ്രമാകുന്നിതാ !
ഇനിയും നടക്കണം , സത്രമണയണം
അല്പനേരത്തേക്ക് നീ എല്ലാം മറക്കുക.