വരൂ
ഞാനൊരു കഥ പറയാം..
നിലയറിയാത്ത ബാല്യത്തിന്റെ
കൌതുകക്കണ്ണുകളെ
തന്റെ നെഞ്ചോട് ചേർത്തു പിടിച്ച്
അയാളാദ്യം
കുഞ്ഞിനോട് പറഞ്ഞു.
പിന്നീടത് തുടർന്നു
ഒരു കാട്ടിൽ കുറെ മൃഗങ്ങളുണ്ടായിരുന്നു
ഒരു രാജ്യത്തൊരു രാജാവുണ്ടായിരുന്നു..
അങ്ങിനെയങ്ങിനെ
എന്നും ഒരേ വാക്കുകളിൽ
പറഞ്ഞു തുടങ്ങുമ്പോൾ
അയാൾക്കറിയില്ലായിരുന്നു
അതെവിടെ തീർക്കണമെന്ന്
അവസാനിപ്പിക്കേണ്ടതില്ലാത്ത
വഴികളിലൂടൊക്കെയും
കഥകളുടെ നദിയൊഴുകിക്കൊണ്ടിരിക്കെ
ഭീതിയും സൌന്ദര്യവും
ഇഴുകിച്ചേർന്ന രാത്രികളിൽ
കുഞ്ഞ്
കഥകൾ കേട്ടുകേട്ട്
ചിറകുള്ള സ്വപ്നങ്ങളിലേക്ക്
അലിഞ്ഞിറങ്ങി
വാക്കുചുരന്ന നെഞ്ചും
ചെവികൾ ചേർത്തുവെച്ച ദിക്കുകളും
കാലമെടുത്തു
രാജ്യവും രാജകുമാരിയും
രസരഹിതമായ ആവർത്തനങ്ങളായി
കഥകൾ
പുരാവൃത്തം പോലെ
വിസ്മൃതിയിലാണ്ടു കിടന്നു
വലനെയ്ത ചിലന്തിയുടെ അതിരില്ലാത്ത ലോകത്തു നിന്നും
വിരൽത്തുമ്പിലേക്ക് ചിത്രങ്ങളൂർന്നു വീണ നേരത്തെപ്പഴോ
ആരവങ്ങളുടെ നഗ്നതയിലേക്ക്
കുഞ്ഞ് അയാളിൽ നിന്ന് മോചനം നേടി
ഒടുവിലിപ്പോൾ ഒറ്റപ്പെട്ടവരുടെ ലോകത്ത്
ചുവർ ചാരിയിരുന്ന്
അയാൾ തന്റെ തന്നെ നിഴലിനോടായി
പതുക്കെ പറഞ്ഞു കൊണ്ടിരിക്കുന്നു
പണ്ട് പണ്ടൊരു രാജ്യത്ത്