ഒന്നൊന്നായി പടവുകള്‍ കയറി
ഒരു ലോഹപേടകത്തിലെ
ഇരിപ്പിടങ്ങളില്‍ ,പ്രതിമകള്‍ പോലെ ബന്ധിതരാകുന്നവര്‍.
വിണ്ണിലേക്കുയര്‍ന്നു പൊങ്ങുമ്പോള്‍
അവരോരുത്തരും തന്നിലേക്കൊതുങ്ങുന്ന
പ്രവര്‍ത്തനം നിലച്ച യന്ത്രങ്ങളായിമാറുന്നു.
ആകെ പടരുന്ന തണുത്ത നിശ്ശബ്ദത.
ഒരേ ആവേഗത്തില്‍ ,താളക്രമത്തില്‍
ഒരു നിശ്ചചിത്രം പോലെ
മൗനത്തിലാണ്ടു പോകുന്ന യാത്രികര്‍ .
ജാലകത്തിലൂടെ പഞ്ഞിത്തുണ്ടുകളായ് അലഞ്ഞെത്തിയിടകലരുന്ന
വെണ്‍മേഘശകലങ്ങളുടെ ഒരേ ദ്യശ്യം.
അങ്ങ് താഴെ,അഗാധമായ തലങ്ങളില്‍ ചെറുചതുരങ്ങളായി വിഭജിക്കപ്പെട്ട്,
ഒാടിമറയുന്ന പ്രകൃതിദ്യശ്യങ്ങളുടെ സമസ്യ
ചെറുമയക്കങ്ങളുടെ ഇടവേളകളിലൂടെ
ദീര്‍ഘമായ ,ഒരു വിരസപ്രയാണം .
ആകാശയാത്രകളിലെ ഘനീഭവിച്ച്
തളര്‍ന്ന് മരവിച്ച് പോയവര്‍.
പറന്നിറങ്ങിയോടിക്കിതച്ചവസാനിക്കുന്ന
യന്ത്രപ്പക്ഷിയുടെ ചിറകുകള്‍ക്ക് ചുവട്ടില്‍
ചെകിടടപ്പിക്കും ഹുംകാര
ശബ്ദഘോഷങ്ങള്‍ക്കൊടുവില്‍
വീണ്ടുമൊരു യാത്രാവസാനത്തിന്‍ടെ സന്തോഷാരവങ്ങള്‍.
യാന്ത്രികാവസ്ഥയില്‍ നിന്നും
ഇപ്പോഴും നിലനില്‍ക്കുന്ന
അപരിചിതത്തിന്‍ടെ നിശ്ചലതയില്‍ നിന്നും,വീണ്ടും മനുഷ്യരായി
പുനര്‍ജനിച്ച്
ആശ്വാസനെടുവീര്‍പ്പുകളോടെ
ഭൂമിയിലേക്കിറങ്ങി
അടുത്ത ജീവിതയാത്രയുടെ
ഊഴം തേടി പലവഴിക്ക്
പിരിഞ്ഞു പോകുന്നവര്‍.