രാഗവിലോല വീചികളലയടിക്കാത്ത
ഹൃദയനഭസ്സിൻ ശാന്തിതീരങ്ങളിൽ
മൗനലിപിയിലെഴുതിയ പൂർവ്വരാഗം
ശ്രുതിചേർത്തു പാടിയപ്പോഴേക്കും
സീമന്തം മോഹിച്ച സിന്ദൂരമന്യമായ്
മഞ്ഞച്ചരടിലകന്നു മോഹച്ചിറകടി
ഋതുവഴി രാദൂരമേറെ താണ്ടിയെങ്കിലും
പ്രാണനിലൊട്ടിയിന്നുമുണ്ടാ വനമല്ലിക
ഇമപ്പീലികളടയും നിമിഷദൂരങ്ങളിലും
രാജചെമ്പകമായി പൂക്കാറുണ്ടാ മോഹം
വിരഹത്തിൻ മഴ നനഞ്ഞൊരുനാൾ
പ്രാണനകന്നു പുതക്കും തണുപ്പിനെ
തപിപ്പിക്കുമഗ്നിയിലാളിയെരിയാതെ
പൂത്തുവിടരുമാ മോഹചെമ്പകത്തിൻ
ഒരുതിരി ഗന്ധമായി നിന്നെപ്പുണരും
മാണിക്യ നക്ഷത്രങ്ങൾ മിഴിപൂട്ടിയ
ശ്യാമനീരദശൈലങ്ങൾക്കിടയിലെ
കരിനീലാകാശവഴികളിൽ
ചെന്നിണമാർന്ന പൂക്കളുമായി
രമ്യസുസ്മിതം ചൊരിഞ്ഞു നീ വരില്ലേ