മലയാളനാടിന്റെ മാസ്മരകാന്തിയിൽ,
ഒന്നായലിഞ്ഞിടാമൊത്തുചേരാം!
സസ്യശ്യാമള ദൃശ്യവിരുന്നുകൾ,
നയനാമൃതധാരയാം സൗന്ദര്യങ്ങൾ!
കേരവൃക്ഷങ്ങളാൽ ധന്യത പൂകിടും,
കേരളനാമത്തിൻ പൂരകങ്ങൾ!
മാമലനാടിന്റെ വർണപ്പകിട്ടാർന്ന,
മലരണിക്കാടാകും വിസ്മയങ്ങൾ!
മഞ്ഞിൻപുതപ്പിട്ടംബരം ചുംബിക്കും,
പർവതനിരകളിൻ പവിത്രതകൾ!
ആഴിയിൽ മേളിക്കും കായലും നദികളും,
കാട്ടാറുമരുവിയുമൊന്നുപോലെ!
കർഷകപ്പാട്ടിന്റെ താളമേളങ്ങളാൽ,
തങ്കക്കതിരുകൾ തലയെടുപ്പിൽ!
താളപ്പൊലിമയിൽ കൊയ്ത്തും,
മെതിയുമായ്, ശബ്ദമുഖരിതം പാടങ്ങളും!
വീരചരിതമുറങ്ങിടും മണ്ണിലായ്,
മൺമറഞ്ഞെത്രയോ ധീരജന്മം!
ഹിന്ദുവും ക്രിസ്ത്യനുമിസ്ലാമും മൈത്രിയിൽ,
ഏകാംബമക്കളാം സോദരരായ്!
ഒറ്റമനസ്കരായുത്സവ വേളകൾ,
പൂരപ്രഭയിലെ ഘോഷങ്ങളായ്!
മലയാളഭാഷ തൻ സംസ്കാരത്തനിമകൾ,
നാട്ടിൻപുറത്തിന്റെ നന്മകളായ്!
ഉത്സവമുറ്റത്തെ നർത്തനവേദികൾ,
കഥകളിപ്പദങ്ങളായ് തുള്ളലായി!
കുട്ടനാടെന്നതിൻ പൈതൃകമായിടും,
വള്ളംകളികളും കേമമായി!
യവനികയ്ക്കുള്ളിലെ ഭാവനാചിത്രങ്ങൾ,
അനുഭവത്താളിലെയോർമകളായ്!
ആത്മാഭിമാനത്തിൻ തിരിനാളമായിതാ,
ഈ ധന്യഭൂവിലെൻ കൊച്ചുജന്മം!