വിമോചിപ്പിച്ചാലുമെന്നെയകലെവിണ്ണിലേക്കിന്നു -
സുദൃഢമീ സുവർണപഞ്ജരത്തിൽ നിന്നും....
പറന്നിടട്ടെ ഞാനിന്നീ യനന്തവിഹായസ്സിന്റെ
വിരിമാറിൽ വിലോലമായതിവിദൂരം!
അകലെയാക്കാട്ടുപൂക്കൾ നിരയായ് വിരിഞ്ഞു നിന്ന -
മലയുടെ താഴ് വാരത്തിൽ പറന്നീടുവാൻ
സുവർണ പാത്രത്തിൽത്തന്ന പഴവും പാലുമൊന്നുമേ
രുചിയൊട്ടുംചേർക്കുന്നീലെന്നറിഞ്ഞുകൊൾക !
തരുനിരകളും മലർ വിരിയുന്ന പൂങ്കാവുകൾ
കളകളമൊഴുകീടു മരുവികളും
കുളിരിളം തെന്നലുമാവന വളളിക്കുടിലുകൾ
നിരയൊത്തു നിരന്നിടും മലനിരകൾ
കരളിനു കുളിർമയായ് കാനന ശലഭങ്ങളും
കണി കണ്ടുണരും മൃദുവന ശോഭയും
ഇതെല്ലാമെൻ പ്രിയതരമധുരമാം കിനാവല്ലോ
അതിനായിട്ടെന്നെയൊന്നു തുറന്നു വിട്ടാൽ
കള ഗാനം മധുരമായ് പാടിയിന്നീധരയിലെ
ദുരിതവുമശാന്തിയുമകലെയാക്കാൻ
കഴിവതുംശ്രമിച്ചീടാം കരയുന്നമനുജന്റെ
കദനത്തെയകറ്റുവാൻ പരിശ്രമിക്കാം!