മാവു പൂക്കുമ്പോൾ ഇളം
പ്രാർത്ഥനകൾ മാമ്പഴമായ് പൊഴിയും!
ഉറക്കം വിട്ടുണരുമ്പോളൊരുകാറ്റിനു
പിന്നാലെ പായുന്നു നമ്മൾ.
മാമ്പഴ മണമുള്ള വിരലുകളിപ്പോഴുമെന്റെ
കണ്ണു പൊത്തുന്നു.
കാറ്റൊരു വരമാണെന്നു പറഞ്ഞു നിൽക്കെ,
ചില്ലയിൽ നിന്നൊരു കിളി പിണങ്ങിപ്പറക്കുന്നു
മഴ കഴിയുമ്പോഴൊക്കെ
മാവു പൂത്ത മണം
ഇടവഴിയിൽ പതുങ്ങി നിൽക്കെ,
അമ്മ കാണാതിപ്പോഴും തൊടികടന്നോടുന്നു നമ്മൾ
ഒരു കാറ്റിനെ പ്രാർത്ഥിച്ചു നിൽക്കെ
വിരലുകളിൽനിന്ന്
വിരലുകളിലേക്ക്
മാമ്പഴ മണം പരക്കുന്നു.
മാവിനും മഞ്ഞിനുമിടയിലൂടെ
ഞാനിപ്പോഴും തനിച്ചൊരു
മാവു പൂത്തകാലമോർത്തു നിൽക്കുന്നു.