(Padmanabhan Sekher)
മുട്ടില്ലാത്ത കാലത്തിനെ ചൊല്ലി
മുറുക്കാൻ കടയിലൊരു തർക്കം
മുട്ട് വേണമെന്ന് ചിലർ
മുട്ട് വേണ്ടാന്ന് മറ്റുചിലർ
മുട്ടിന് എല്ലാം തകിടം മറിക്കാം
കൈമുട്ട് ഇല്ലായിരുന്നെങ്കിൽ
ഗ്ലാസ്സ് കണ്ടുപിടിക്കില്ലായിരുന്നു പോലും
വെള്ളം നായെപ്പോലെ കുടിച്ചേനെ
സ്‌പൂണിനും ഓടക്കുഴലിനും
നീളം കൂടിയേനെ എന്നൊരാൾ.
കൈ കൂപ്പി തോഴൻ കഴിയില്ല
കൈ കൊടുക്കാൻ അകലംപാലിച്ചേനെ
കൈ നീട്ടി കരണത്തടിക്കാൻ പറ്റില്ല
കൈ കൊണ്ട് ഉണ്ണാൻ പറ്റില്ല
അന്യർ ആഹാരം വാരിത്തന്നേനെ.
അങ്ങനെ അയലത്തെ കൈകൾ
കാതിൽ കമ്മൽ അണിയാനും
മുടിചീകാനും പോട്ടുകുത്താനും
ഉപകാരമായേനെ എന്നൊരു ചേച്ചിയും
എങ്ങനെ പുറം തേച്ചു കുളിക്കും
എന്നായി ഒരു തരുണീമണിയും.
പരീക്ഷയിൽ എഴുതുന്നത്
എങ്ങനെ വായിക്കും എന്നായി
ഒരു പറ്റം കിടാങ്ങൾ
ദൂരക്കാഴ്ചക്ക് കണ്ണാടി വേണ്ടിവരും
എന്നൊരു കണ്ണട ഡോക്ടർ
തലയിൽ ചുമക്കുന്ന ഭാരം
താഴെ വീഴാതെ എങ്ങനെ
ആര് പിടിക്കും എന്നൊരു
ചുമട്ടു തൊഴിലാളിയും.
എങ്ങനെ പ്രിയതമയെ കെട്ടിപ്പിടിക്കും
എന്നായി ചില കാമുകന്മാരും
അങ്ങനെ കൈ മുട്ട് എല്ലാം
മാറ്റി മറിക്കും എന്നുറപ്പായി.
അപ്പോൾ ആരോ ചോദിച്ചു
കാൽമുട്ട് ഇല്ലായിരുന്നെങ്കിലോ
കസേര ഉണ്ടാകില്ലായിരുന്നു
കാറിൽ നിന്ന് പോകേണ്ടിവന്നേനെ
ഗോളില്ലാത്ത പന്തുകളി ഉണ്ടായേനെ
ഊഞ്ഞാൽ ഉയരത്തിൽ കെട്ടിയേനെ
ഓട്ടത്തിനും ചാട്ടത്തിനും കഴിയില്ല
എന്ന് കൂടിയ ചില കളിക്കാർ.
മരത്തിൽ എങ്ങനെ കയറിയേനെ
എന്നൊരു ചെത്തുകാരൻ
മുട്ടുവരെ ഇറക്കം അളക്കാൻ
പറ്റില്ല എന്നൊരു തുന്നൽക്കാരനും
മുട്ടുകേറ്റി ഇടിക്കാൻ പറ്റില്ല
എന്നൊരു പോലീസും
ഗർഭപാത്രത്തിൽ എങ്ങനെ
കിടന്നേനെ എന്നൊരു ശിശുവും
മുട്ടുവേദന എന്തെന്നറിയില്ലായിരുന്നു
എന്നൊരു പല്ലില്ലാത്തൊരു അപ്പൂപ്പനും.
ഒരുമുട്ടും ഇല്ലായിരുന്നെങ്കിൽ
എല്ലാവരും ഒന്നുപോലായിരുന്നേനെ
എന്നും ഓണം പോലെന്ന് ചിലർ
മുട്ടില്ലാത്തൊരുകാലം വിദൂരതയിലല്ല
എന്നൊരു വിപ്ലവകാരി പ്രവചിച്ചു
അടുത്ത തലമുറയെ ബോധവത്കരിക്കാം
എന്ന തീരുമാനത്തോടെ ജനം പിരിഞ്ഞു.