പ്രിയേ നമുക്കായ് പഞ്ചമി ചന്ദ്രിക
പന്തലൊരുക്കിയ നീലാകാശം.
തോരണം ചാർത്തിയ ആലിലകൾ..
താരകൾ കൺചിമ്മിയപ്പോൾ
മിഴി തുറന്ന പാരിജാതം.
ചിങ്ങനിലാവിൽ കുളിച്ച്
ദൂരെ മാമലയോരത്ത് നിന്നും
പാറി വന്നെത്തി മാരുതൻ.
പനിനീർ തൂകാൻ മാരിമുകിൽ
കൊതിയോടെ നിന്നു.
ചെഞ്ചുണ്ടിൽ പുഞ്ചിയോടെ..
മാറിലണിഞ്ഞ മാലേയമോടെ,
അമ്പലനടയിൽ നീ
മൃദുപരിഭവമലരോടെ
അംബുജാക്ഷിയായ് നിന്നു.
പദസ്വനം കേൾപ്പിക്കാതെ നിൻ
തുടുത്ത കവിളിൽ ഞാൻ
കതിർ വിരലോടിക്കുമ്പോൾ
അളകങ്ങൾ ഒരുക്കി മെല്ലെ
നീ മന്ദഹാസം പൊഴിച്ചു.
മാറോടണച്ചു ഞാൻ
നിൻ ചുണ്ടിൽ ചാർത്തിയ
സ്നേഹോപഹാരം കണ്ടു
പൗർണ്ണമി ചന്ദ്രിക ഒളികണ്ണാൽ
ലജ്ജയാൽ തുടുത്തു നിന്നു.
നിൻ ചുടുനിശ്വാസമെൻ
മാറിൽ തട്ടുമ്പോൾ
എന്നിൽ മന്മദ മോഹമുണരുന്നു,
വേഴാമ്പൽ തേടുന്ന മാരിപോലെ
ദാഹമോടെ നിന്നെ പുണരട്ടെ.
ഗാന്ധർവ സംഗമ വേളയിൽ
മൻമദനും രതിദേവിയുമായ്
നാം ഒന്നിക്കും വേളയിൽ
പനിമതി മുഖം മറയ്ക്കുന്നു,
താരകള്‍ കണ്ണിറുക്കി ചിരിക്കുന്നു.
മൗനമായ് നീ വിടപറഞ്ഞപ്പോൾ
തരളിതമനമോടെൻ
മാനസം വിങ്ങി.
സ്വപ്നമോ.. യാഥാത്ഥ്യമോ..
പ്രിയേ കണ്ടതെന്താണ്?