(Sreehari Karthikapuram)
ചാറ്റൽ മഴയിലും പ്രണയമായ് മാറുന്നു കവിത്രയം
ചോന്ന് പഴുത്തൊരാ വെയിലിലും നീറുന്നു കവിതകൾ..
വർഷവും വസന്തവും ഗ്രീഷ്മവും ശിശിരവും,
പെയ്തും വരണ്ടും ഒഴുകിയും ഉണങ്ങിയും,
വികൃതിയാം കാലത്തെ വിരലുകളാൽ ഒപ്പുന്നു.
പ്രീയമാണവർക്കെന്നുമെൻ സുഹൃത്തേ..
നിൻ ചെയ്തികളിലവർ ചിത്രം വരക്കുന്നു.
ജീവിതമഖിലമാ ചിത്രപ്പണികളിൽ
നീറുന്ന മനമുണ്ടതിലേറെ വിചിത്രം.
പ്രണയമല്ലവർക്കു നിന്നോട്, നിൻ ചെയ്തികൾ
പല യുഗങ്ങൾ ശിരസ്സായ് വഹിച്ചവർ..
നിന്നുടെ താണ്ഡവമഴയിലും വെയിലിലും
വെള്ളം കുടിച്ചും വരണ്ടും മരണത്തെ വരിച്ചവർ..
കുത്തിയൊലിച്ചോ പുതഞ്ഞു പോയൊരാ ബന്ധങ്ങൾ
ഒരു തുണ്ടു ഭൂമിയും ഒരു കൊച്ചു കൂരയും
ഉറ്റവരുടയവരില്ലാത്ത മർത്യരും.
പ്രണയമല്ലവർക്കെന്നും നിന്നെ സുഹൃത്തേ..
നഷ്ടസ്വപ്നങ്ങളെ വരിച്ചവരാണവർ.