പുതു മഴയേറ്റ് ചിറക് മുളച്ചു ,
മണ്ണിൽ നിന്നും
ഇത്തിരി വെട്ടം തേടി പറന്നുയർന്നു,
കൈവന്ന വെട്ടത്തെ ചുറ്റി പറന്ന്, ഒടുവിലായി
ഒരു തപസിന്റെ സാഫല്യം പോലെ
നിന്നിൽ കിളിർത്ത
കണ്ണാടി ചിറകുകളെ തന്നെയും നഷ്ടപ്പെടുത്തി,
വീണ്ടും മണ്ണിൽ ചേർന്ന് ഇല്ലാതായി നീ..
നിന്റെ അടർന്നു വീണ ചിറകുകൾക്ക് ഒരു തരം ഗന്ധമാണ്..
ഏക്കാലവും എന്തിനെയൊക്കെയോ
ഓർമ്മപ്പെടുത്തുന്ന ഒരു തരം ഗന്ധം..
നിഴൽ രൂപങ്ങളിൽ കൗതുകം കണ്ട ബാല്യത്തെ..
പാഠ പുസ്തകങ്ങളെ മനഃപാഠമാക്കിയ കാലത്തെ...
അക്ഷരങ്ങളിൽ പ്രണയം ചേർത്തെഴുതിയ കൗമാര കാവ്യങ്ങളെ...
അങ്ങിനെ എന്തിനെയൊക്കെയോ...
അൽപായുസ്സ് കൊണ്ട്
ആരുടെയൊക്കെയോ
കഴിഞ്ഞ കാലത്തിന്റെ ഓർമ്മപ്പെടുത്തലാകുന്നു നീ!
കവിതകൾ
മഴപ്പാറ്റ
- Details
- Written by: Sruthi Ajeesh
- Category: Poetry
- Hits: 1469