(Krishnakumar Mapranam)
ഉച്ചമയക്കം കഴിഞ്ഞു ഞാന്‍ നോക്കവെ
ഉച്ചവെയിലൊക്കെ മാഞ്ഞു
മാനത്തു കാര്‍മേഘത്തുണ്ടു കനത്തതും
മനസ്സാകെയൊന്നു തണുത്തു
മഴയാരവം വന്നു കാതില്‍ത്തഴുകവെ
മോഹനരാഗമായ് തോന്നി
മറയാതെ നിന്നു നീ വിറകൊണ്ടു മന്ദമായ്
മണ്ണിലേയ്ക്കാര്‍ദ്രയായ് പെയ്തു
വെയിലേറ്റുവാടിത്തളര്‍ന്നിടും ലതകളെ
മഴബിന്ദു ചുംബിച്ചുണര്‍ത്തി
വറ്റിക്കിടന്ന തടാകപ്പരപ്പിലായ്
നീര്‍ത്തുള്ളി വന്നു നിറഞ്ഞു
കായലും കാട്ടാറും തോടും കിണറും
നദിയും കുളവും നിറഞ്ഞു
മഴകൊണ്ടുണര്‍ന്നിടും വീഥികളൊക്കെയും
കാവുകള്‍ കാടുകള്‍ പൂത്തു
മഴപെയ്തു കുതിരുന്ന വഴികളിലൂടൊന്നു
മഴകൊണ്ടു മെല്ലെ നടന്നു
മഴയുടെ നൃത്തതാളങ്ങളില്‍ ജലബിന്ദു
മധുരമായെന്നെ പുണര്‍ന്നു
മഴപെയ്തു നനയുന്ന വഴികളിലൂടൊന്നു
മഴയുടെ കുളിരില്‍ നടന്നു
മഴത്തുള്ളിവീണെന്‍റെയനുരാഗആരാമ-
ച്ചെടിയൊക്കെ വീണ്ടും തളിര്‍ത്തു
മഴപെയ്തു നനയുന്ന വഴിയിലൂടൊന്നു
മഴകൊണ്ടു മെല്ലെ നടന്നു
മഴയുടെ പെയ്ത്തുതാളങ്ങളില്‍ ജലബിന്ദു
മധുരമായെന്നെ പുണര്‍ന്നു