ഉഗ്രതാപമേറ്റു വാടിയ തെന്നലിൽ,
മണലത്രയുമൊന്നുചേർന്നു പാറി.
കാർമേഘം ഇരുൾ പടർത്തിയ പകലിലന്നു,
കാഴ്ചകളത്രയും മണലിൽ മാഞ്ഞുപോയ്.
വെള്ളിവാളെറിഞ്ഞാരോ വാനം കീറി,
നയനങ്ങൾ ഭീതിതൻ കുഴിയിൽ വീണു!
ഘോരനാദത്തിൽ നടുങ്ങി ധൂളിയും
കർമം മറന്നങ്ങുനിന്നു ശ്രോത്രങ്ങളും.
കലപിലയോടെ കനമുള്ള തുള്ളികൾ,
തീച്ചൂളയാം മണലിൽപ്പതിച്ചു.
നനവെത്തും മുൻപേ ധൂമമുയർന്നു,
നോവും ഹൃത്തിൻ നീറ്റലെന്നോണം.
മഴയുടെ മേളം തെല്ലൊന്നൊതുങ്ങവേ,
തെളിഞ്ഞു അജ്ഞാതമാം കാലടികൾ.