പമ്പരം വേണ്ടയാ പാവയും വേണ്ട
വിലയേറെയുള്ളൊരാ കാറും വേണ്ട
മുറ്റത്തിറങ്ങണം മണ്ണിൽ കളിക്കണം
മാഞ്ചുവട്ടിൽ ഒന്നു പോയിടേണം
പാടത്തു പോയൊന്നു ചേറിൽ കളിക്കണം
കൂട്ടുകാരോടൊത്തു ഞാറു നട്ടീടണം
ഞാറ്റുപാട്ടൊന്നു പാടേണമുച്ചത്തിൽ
ആർപ്പുവിളിക്കണം ആർത്തുല്ലസിക്കണം...
തോടിന്റെ വക്കത്തു പോയിരിക്കേണം
തോട്ടയുമായൊന്നു മീനു പിടിക്കുവാൻ
ആറ്റിലിറങ്ങണം കാലിട്ടടിക്കണം
നീന്തിത്തുടിക്കണം മീനുപോലെ..
മുറ്റത്തിനോരത്ത് ഓലവീടുണ്ടാക്കി
മണ്ണപ്പം ചുട്ടു കളിച്ചിടേണം.
അച്ചിങ്ങ കാതിലായ് തൂക്കണം കമ്മലായ്
ഇലകൾ കിരീടമായ് തലയിൽ വേണം...
ഇതുമാത്രമാണെന്റെ കുഞ്ഞുമനസ്സിലെ
മോഹങ്ങൾ മറ്റൊന്നും വേണ്ടതില്ല
കാണുവാൻ കേൾക്കുവാൻ അനുഭവിച്ചറിയുവാൻ
അനുവദിച്ചീടു ഇന്നെന്നെയമ്മേ
അമ്പരപ്പൊട്ടുമേ വേണ്ടതില്ല അമ്മേ
അംബരം മുട്ടെ ഞാൻ വളരും....