നിന്റെ സാമിപ്യമായിരുന്നന്നെന്റെ
ജീവിതത്തിന്റെ പൂനിലാവോമലേ.
ഏതമാവാസി ആണതിൻ ശോഭയെ
ശോകപങ്കിലമാക്കിയതീ വിധം.
കറപിടിച്ച എൻ ചുണ്ടിലെ ചുംബന
കതിരു കൊത്തി പറന്നുപോകുന്നതും,
മിഴി കൊരുത്തു ഞാനാ വീഥിൽ,
കൊടിയ വേനലൂറ്റി കുടിച്ചു ജീവിപ്പതും
ഒരു നിമിഷാർദ്ധ ചിന്തയിലെങ്കിലും
മൃതുല ചിത്തത്തിൽ വന്നുദിച്ചീടുമൊ?
ഉണ്ടു നീ എന്റെ പൂവിടാ ചില്ലയിൽ
ചിറകൊതുക്കി ഇരുന്നൊരാ സന്ധ്യകൾ,
കനിയിടാത്ത എൻ ചില്ലയിൽ അന്നു
കനവു പൂത്തുവിടർന്നിരുന്നോമനേ.
പെരുവിരൽ നനച്ചൊഴുകിയ പുഴയുടെ
അടിവയറ്റിൽ പരതുകയാണു ഞാൻ
ഒരു ചെറുതരി നീരിനെ മൂകമായ്
ഒരില പെറ്റുലകിനെ നോക്കുവാൻ.
മൺതരികൾക്കിടയിലെ കാഞ്ചന
തരി തിരയുന്ന യന്ത്രവിരലുകൾ,
ചന്ദ്രിക കടന്നെത്താതെ കോമള
ഭൗമഗോപുര വാതിൽപ്പഴുതുകൾ
കരിമ്പടമിട്ടു മൂടും ദയാഹീനം ചിമ്മിനി
പൊന്തി നിൽക്കുന്ന ആകാശ വീഥികൾ
സംഘടിച്ചു കെടുത്തിക്കളഞ്ഞെന്റെ
വേരിനോടുള്ള നീരിന്റെ പ്രേമവും.
എവിടെയാണു നീ ദേശാടനക്കിളി
പതിവുതെറ്റി നീ എങ്ങു പോയ്, എങ്ങു പോയ്.
പുതുവസന്തങ്ങൾ നൃത്തമാടുന്നൊരാ
ഇടമെവിടയാണെങ്കിലും മൽസഖീ.
അവിടെ സാമോദമായി നീ വാഴുകിൽ
സകല ദുഖവും സുഖമെനിക്കോമനേ.