വെയിലേറ്റ് വെള്ളക്കല്ലുള്ള
മൂക്കുത്തി തിളങ്ങി
മേഘങ്ങൾ പരക്കും മിഴികളും
കാറ്റേറ്റ് ചുവന്ന കുപ്പിവളകൾ
കിലുങ്ങിച്ചിരിച്ചു
വിടർന്ന ചെമ്പനീർദളമാർന്ന
അധര പുടങ്ങളും.
മഴയേറ്റ് നനഞ്ഞ മണ്ണിനു
സംഗീതമായ് കൊലുസിളകി
ഭൂമിയെ നോവിക്കാതെ നടക്കും
നേർത്ത കാൽപാദങ്ങളും.
മറയുന്ന കാഴ്ചകൾക്കപ്പുറം
മറയാതെ മായാതെ മനസ്സിൽ തെളിയുന്നോരപ്സരസ്സിൻ രൂപം
ചിത്രകാരൻ്റെ കലാവിരുതോ?
മയക്കത്തിൽ കണ്ട സ്വപ്നമോ?
ആത്മാവിലാരുമറിയാത്ത മോഹന മയിൽപ്പീലിയോ?