അകലെയാണെന്നാലുമെന്നന്തരാത്മാവിൽ
നീ ചിറകടിച്ചെത്തുന്ന യാമങ്ങളിൽ
വരവേൽക്കുവാനായെൻ മനം പൂചൂടി
വർണങ്ങൾ വാരിയെഴുന്നള്ളിടുന്നു.
കാലം മറന്നൊരാനിമിഷങ്ങൾ പിന്നിട്ട
വഴിയോർത്തമാത്രയെൻ
ഇമ രണ്ടും കൂമ്പിയടഞ്ഞുവല്ലോ
കരളിന്റെയുള്ളിലെ പൊൻകണം തട്ടി
ത്തെറിച്ചതിലൊരുതുള്ളി
പ്രണയ വസന്തമായ് പെയ്തുവല്ലോ
പേരിനൊരു വയ്യായ്ക വന്നു നീ നമ്മുടെ
കുഞ്ഞിളം കൂടതുംവിട്ടൊരു നാൾ- എന്റെ
കണ്ണിലൊരു കടലാസ് തോണിയിറക്കിയാ
തോണിയെ തനിച്ചാക്കി വിട്ടതെന്തേ?
കാത്തിരിപ്പുകൾ എല്ലാം വെറുതെ നീ വരില്ലെന്നാലും
വരുമെന്ന് വെറുതെ മോഹിച്ചു ഞാൻ
ഇനിയുള്ളോരു നൂറു ജന്മങ്ങളത്രയും നമ്മുടേതാണെന്ന് പാടിടാം ഞാൻ
എനിക്കിനി തുഴയാൻ വയ്യ സഖി ഒറ്റക്കി ജീവിതം
ഞാനും വരുന്നു ഇന്നീ നിലാവ് പെയ് തൊഴിയും മുൻപെ
കാത്തു നിൽക്കില്ലേ നീയെനിക്കായ് പിന്നെ
ഞാനൊരു ഭ്രാന്തനായെന്തിനാണിവിടെ
നാളുകളെണ്ണി കാത്തിരിക്കുന്നു
നിന്റെ ആ നാട്ടിൽ വിരഹ വേദനയുണ്ടോ
അതോ എന്നെ പുൽകിടും ആഴിതൻ
തണുത്ത മരണ ശയ്യതൻ മുള്ളുകളോ
എന്തായാലും സഖി നിൻ ചാരെ എത്തിടാം
അതുവരെ ഈ വേദനയും
ഒരു നനുത്ത സുഖമുള്ളതാണെനിക്ക്
പ്രിയമുള്ളതാണെന്നറിയുക നീ.