ഓർമ്മകളിലെ തവിട്ടു നടവരമ്പ്.
ഇരുവശവും, ഇരുണ്ട പച്ചവയൽ.
അഗ്നിനാളമായി കതിരുകൾ.
തുഷാരബിന്ദുക്കളുടെ വെൺമ.
നീലാകാശത്തിൽ ചിതറിയ അസ്തമയചുവപ്പ്.
മരതകക്കുന്നുകൾ വലം വയ്ക്കും
മെലിഞ്ഞ തെളിനീർ പുഴ.
വീട്ടിലേക്കുള്ള വഴിയുടെ
അവസാനം ചിത്രകാരനൊരു
നിഴലായ് മറഞ്ഞു.
ആദ്യം ഫ്രെയിമിലേക്ക്
ഒരു പറ്റം വെട്ടുകിളികൾ ഇരച്ചെത്തി.
കതിരുകളെ മായ്ചുകളഞ്ഞു.
കുന്നിടിച്ചാരോ വയലിൽ മണ്ണുനിറച്ചു .
പെരുമഴക്കാലത്ത് പുഴ വഴിയിലേക്ക്
കയറി ചിത്രകാരൻടെ വീടും മുങ്ങി.
പ്രളയത്തിൽ, വയലും വഴിയും പുഴയും
ഒന്നായപ്പോൾ, വിളറിയ മാനമതിൽ
തെളിഞ്ഞു വന്നു.
കൂടെ,ക്യാൻവാസിലേക്ക്
കടപുഴകിയപച്ചമരങ്ങളും
ചെറുമൃഗങ്ങളും ഒഴുകിയെത്തി.
ഇനി,പുതിയ ചിത്രകാരനെയും
തേടേണ്ടിയിരിക്കുന്നു.