ഒരു പകുതി കൊണ്ട് പുണർന്നും
മറു പകുതിയാൽ വെറുത്തും
ഒരു രതി കഴിഞ്ഞു വിയർപ്പും കിതപ്പുമായ്
ഒരു രാത്രി അസ്തമിക്കുന്നു.
നടവഴിയിൽ വഴിവിളക്കിന്റെ ചറയിൽ
നിഴലുകൾ കാൽതെറ്റി വീണു കിടക്കെ,
പുലരി പൂർവ്വാമ്പര പൂമുഖത്തിണ്ണയിൽ
തിരിയിട്ട ശുക്രൻ തെളിയെ
പെരുവഴി ഒടുങ്ങുനിടത്തൊരേകാന്തത
ചങ്ങലക്കിട്ട മുറിയിൽ
മൗനവിഷം കുടിച്ചിടനെഞ്ചെരിച്ചെരിച്ച്
ഒരു പ്രണയ ഭിക്ഷു ധ്യാനിപ്പൂ.
'ബുദ്ധം ശരണം' വിളിമുഴക്കം
നെഞ്ചിലെ ശംഖിൽ പ്രണവ മന്ത്രങ്ങളായ്!
ആ ദിവ്യ സങ്കല്പ ജീവിത ചര്യകൾ
ബോധി വൃക്ഷം പോൽ ശതശാഖ നീട്ടിയും,
സന്ധ്യയ്ക്ക് പൊന്നിൻ കിരീടമണി-
ഞ്ഞൊരു വിഹാരം കടന്നതും,
ഗൗതമീ ശിക്ഷ്യതൻ ശിക്ഷണം കൊണ്ടതും
ഒരു മിന്നൽ പിണരിലെ വൈദ്യുതാഘാതമായ്
ആ ധ്യാനവേളയിൽ നെഞ്ചിൽ പതിയവേ
കണ്ണീർ കയങ്ങളിൽ നിന്നറിയാതെ
രണ്ടു ചുടുനീർക്കണങ്ങൾ അടർന്നു വീണൂഴിയിൽ.
യുദ്ധം പലതു ജയിച്ചോരശോകനും
ആ മന്ത്രധാരയിൽ ശുദ്ധ നായില്ലയോ !
അച്ചരിതങ്ങളാലാകൃഷ്ടനാകയാൽ
ആ പർണ്ണശാലയിലെത്തി ഈ രാജകുമാരനും.
കഷ്ടമെന്നല്ലാതെ എന്തു പറയേണ്ടു,
ഭിക്ഷുണി ഇറ്റിച്ച ബുദ്ധ തത്വങ്ങളിൽ
പാതിയും കൊത്തി വിഴുങ്ങി അവളുടെ
രൂപ ലാവണ്യ മിന്നൽ പിണരുകൾ.
മുണ്ഡനം ചെയ്ത ശിരസ്സും, ചേലെഴും
വീണക്കുടങ്ങൾ പോലുള്ള നിതംബവും,
നീലക്കടലല മന്ദമുലാവുന്ന നീൾമിഴി ഭംഗിയും,
പൂർണചന്ദ്ര ദ്യുതി വീണു തിളങ്ങുമാ
പൂർവാംബരം പോലുളള ഫാല പ്രദേശവും,
കണ്ടു മോഹിക്കാതിരിക്കാൻ കഴിയാത്ത
നെഞ്ചിലെ മാദക മാതള ഭംഗിയും,
മന്ദഹാസം കൊണ്ടു കാന്തി പുരണ്ട പവിഴാധരങ്ങളും,
മദനന്റെ വില്ലിനെ വെല്ലുന്ന ചില്ലിക്കൊടികളും
ചേർന്നൊരു കിന്നര നാരിതൻ ഉടലഴകുള്ള
വളായിരുന്നു അവൾ, ആ ബുദ്ധ ഭിക്ഷുണി !
ആദ്യാനുരാഗം അറയിപ്പതിന്നവൻ ഒട്ടുമേ ക്ലേശിച്ചതില്ല
എന്നാകിലും, നിരസിച്ചവൾ ഒട്ടുമേ ചിന്തിച്ചിടാതെ.
ഗൗതമീശിക്ഷ്യയാം സുന്ദരിക്കിപ്പൊഴും പൊന്നിൻ
കുടക്കീഴു വേണ്ട, ആളിമാരൊത്തുള്ള നീരാട്ടുവേണ്ട,
സേവകർ വേണ്ട,ശയിക്കുവാൻ തൂവൽ ശൈയ്യാതലം വേണ്ട .
വെണ്ണയും തോൽക്കും മൃദുല മേനിക്കകം
വജ്രവും തോൽക്കും കഠിനത മാത്രമൊ!
യാചന ആയിരുന്നാ പ്രണയഭിക്ഷുവിൻ
രാഗാർദ്രമാം പ്രണയ ദാഹ വാക്കിൽ സദാ.
കല്ലും കനിഞ്ഞു കണ്ണീർ പൊഴിച്ചിടാം
അല്ലലാലുള്ളം തിളക്കുമാ രാഗഭിക്ഷുവേ കാണുകിൽ.
പലവട്ടമാ പ്രണയ ജ്വാലാതപമേറ്റു പൊൾകയാൽ
ഒരുവട്ടമുരിയാടിയവനോടാ ഭിക്ഷുണി:-
"ഒരുനാളുമാവില്ല വീഴുവൻ സോദരാ
ഒരു ശലഭായ് നിൻ പ്രണയ നാളങ്ങളിൽ.
രാജകുമാര നിനക്കു ലഭിച്ചിടും, നിശ്ചയം
സുരുലോക സുന്ദരിയാമൊരു രാജകുമാരിയെ?"
"ഇന്ദ്രസദസിലെ നൃത്തകി ഉർവ്വശി ആകിലും
ഇല്ല നിനക്കു പകരമാവില്ലെന്റെ ജീവിത ബാക്കിയിൽ .
എന്തിനേറെ പറയുന്നു പ്രിയസഖീ,ആവി- ല്ലെനിക്കു മായുവാൻ നിന്റെയീ ചേലുറ്റ
കണ്ണിൻ കയങ്ങളിൽ നിന്നൊരു നാളിലും".
ആ ജല്പനങ്ങളെ കേട്ടു വിമൂകാ വിഷണ്ണയായ്
തന്നിടം കണ്ണ് ചൂഴ്ന്നൊരു വെള്ളിത്തളികയിൽ,
മന്ത്രസമാനം അവനോടുരചെയ്തു നൽകിനാൾ.
"ഉയിരണിഞ്ഞ വസനമീ ശരീരം, ആഢം-
ബര ഭൂഷണം അവയവമൊക്കെയും.
കേവലമതിലൊന്നിതാ കൈകൊൾക സോദരാ
പോവുക നിന്നേഭ്രമിപ്പിച്ച എന്റെയീക്കണ്ണുമായ്.
ബുദ്ധ ചേവടികളിലർപ്പിതം എൻ മാനസം.
ചിത്തഭ്രമങ്ങളൊഴിഞ്ഞ മോഹവിഹീന ഞാൻ.
നിന്നന്ധതയിൽ ഒരു വെളിച്ചമായ് ഭവിക്കട്ടെ
ബുദ്ധനേ കണ്ടോരെൻ നേത്രങ്ങളിലൊന്നിനാൽ.....!