നിൻമൊഴിയിലൂറും
പ്രണയാക്ഷരങ്ങളെ,
തൂമഞ്ഞു തുള്ളിയിൽ
ചാലിച്ചെടുത്തിട്ട്,
ഒരു മഴച്ചാറ്റലിൻ
നൂലിനാൽ ബന്ധിച്ചു,
വെൺമേഘത്തുണ്ടിൽ
പൊതിഞ്ഞുനീചാർത്തിച്ച,
ചാരുതയാർന്നഹാ-
രത്തിലെൻ ബന്ധനം!
മഞ്ഞളിൽമുക്കി,
പരിശുദ്ധമാക്കിയ,
ശുഭ്രതയാർന്നൊരു
നൂലിന്റെ തുമ്പത്തു;
ഒരുപൊന്നിൻ തുണ്ടും
കോർത്തു നീ നൽകിയ,
മംഗല്യസൂത്രത്തി-
ലെൻ പ്രണയബന്ധനം.
ഹൃദയത്തിൽ നിൻ രൂപം
മാത്രം പ്രതിഷ്ഠിച്ചു,
നിത്യ നിവേദ്യവും
പൂജയുമർപ്പിച്ചു;
എന്നും നിനക്കായി
മാത്രം ഞാൻ ചെയ്യുന്ന,
അർച്ചനയാണെന്നുമെൻ
പ്രണയബന്ധനം!
എന്നെക്കുറിച്ച് നീ
പാടുന്ന പാട്ടിലും,
നീ കുറിക്കുന്ന
പ്രണയാക്ഷരത്തിലും;
നിന്റെ പ്രണയകടാക്ഷങ്ങൾ
സർവ്വവുമെന്നിൽ നിറയ്ക്കുന്നു
നിൻ പ്രണയ ബന്ധനം!
എത്ര നാൾ തമ്മിൽ നാം
കാണാതിരിക്കിലും,
എത്ര നാൾ നിന്മൊഴി
കേട്ടില്ലായെങ്കിലും;
നിത്യവുമെന്നിൽ
ജ്വലിച്ചു നിൽക്കുന്ന നിൻ,
ചാരുതയാർന്ന രൂ-
പത്തിലെൻ ബന്ധനം.