സ്യാനന്ദുരം മൃഗശാലയിൽ കൗതുക
സായന്തനക്കാഴ്ച ആസ്വദിച്ചീടവേ,
സ്വപ്നസദൃശ്യ പ്രണയ മരാളമായ്
സാരംഗി മീട്ടിയെൻ പ്രാണനിരന്നു നീ.


യൗവനപ്പടി നാലഞ്ചു താണ്ടി ഞാൻ
പ്രണയ ഭിക്ഷാടന വേദിയിൽ നിൽക്കവേ
മോദമേകി നിനക്കു ഞാൻ എന്റെ പ്രാണ-
രക്തം നുരഞ്ഞു നിറഞ്ഞ കമണ്ഡലു.

നഗര തീരത്തെ വൈദ്യുത നിലാവിൽ
ഒഴുകി നടന്ന പ്രഥമയാമങ്ങൾ...
ലവണ തീരത്തിരുന്നു പകലിന്റെ
അറവു കണ്ടു പിരിയുന്ന സന്ധ്യകൾ...

ഇരവുതീരുവോളം ഇടഞ്ഞിടുന്ന
നിൻ അഴകു ബാധയേറ്റ നിദ്രകൾ ..
തിര ഇരമ്പിക്കയറുന്നു നിരന്തരം
നരബാധിച്ച എന്നന്തസ്സാര പുണ്ണിൽ .

ഹരിത നൃത്തനമാടിയ വേളയിൽ
ചിറകു നീട്ടിപ്പുണർന്ന നിഗൂഡത
അരിയ ചെപ്പിലൊളിപ്പിച്ചു വെച്ചൊരാ-
വയലു പാഴ്പ്പുല്ലു ചൂടി പിഴച്ചുപോയ്.

അക്ഷരങ്ങളെ നിഷ്കാസനം ചെയ്തു
ചിത്രങ്ങൾ അക്ഷര സിംഹാസനമേറവേ,
അന്നു നൽകിയ രാധാകഥാമൃതം നിൻ
വായനാമുറിയിൽ ഉണ്ടോ?നശിച്ചുവോ?

നീല മലർവിരി ഒരുക്കി നമ്മേ കാത്തു-
നിന്ന തണൽ മരച്ഛായ ഇന്നിങ്ങനെ
ചില്ലലങ്കാര മദ്യശാലയായ് വളർ-
ന്നിമ്പമുള്ള ശവക്കല്ലറ പോലെയായ്.

എന്നംഗുലീയ സുഖമണിഞ്ഞന്നു നീ
എന്നുടൽ സങ്കല്പം പൂണർന്ന രാത്രികൾ,
ശംഖഴകാർന്ന കഴുത്തിലണിയിക്കാൻ
ഒരു തരി പൊന്നു മോഹിച്ച നാളുകൾ.

മോഹങ്ങളൊക്കെയും നഖമൂർച്ചകൊണ്ട്
കാലം ചുരണ്ടിക്കളഞ്ഞു പോയെങ്കിലും
ചാരുമലരുകൾ വിടർന്നിടക്കിടെ
ഹൃദയ വാടിയിൽ സുഗന്ധം പരത്തുന്നു.


ചിറകൊതുക്കുവാൻ പക്ഷികൾ യന്ത്ര
ചിറകു വീശിപ്പറന്നു പോകുന്നതും,
ജനസമുദ്രം നിശബ്ദ ചകിതരായ്
ഭവന മണയാൻ പാഞ്ഞു പോകുന്നതും,

അപരവേദനമേലേ സൗഹൃദ
ചിരിമുഴക്കങ്ങൾ തുള്ളി ആർക്കുന്നതും ,
കരളടർന്നോരമ്മ, തൻജാരനു
മകളേത്തന്നേ വിരുന്നൊരുക്കുന്നതും,

പ്രണയ വഞ്ചന തീണ്ടിയ പെണ്ണിന്റെ
ചീവുടൽച്ചാക്കു നൽകി, തിര മടങ്ങുന്നതും,
കണ്ടിരുന്നില്ല ഞാൻ നമ്മുടെ സംശുദ്ധ
പ്രണയകാല വസന്ത തീരങ്ങളിൽ.

നിന്റെ സാമീപ്യശൈത്യത്തിലുന്മാദനായി
ഞാൻ മൗന ദേശാടനം കഴിഞ്ഞെത്തവേ,
ഏകാന്ത വാസത്തുറുങ്കുവിധിച്ചെനി-
ക്കേതോ അജ്ഞാത പൊരുളാൽ അന്നു നീ.

മോഹങ്ങളൊക്കെയും വീതിച്ചെടുത്തു
പാതിവഴിയിൽ പിരിഞ്ഞു പോയെങ്കിലും,
ആ നഷ്ടകാലസ്മരണകൾ സത്യത്തിൽ
തീർത്ഥങ്ങളാണെനിക്കിന്നുമെന്നോമനേ.

നൊന്തു നീറുന്ന കരളുമായ് മുടന്തി ഞാൻ
ജീവിതാന്തിപ്പടിയോളമെത്തിനിൽക്കവേ,
പ്രണയനഷ്ട സ്മരണകൾ പേറുമീ
പ്രണയപാതിയേ ഓർക്കുന്നുവോ സഖീ.


പശ്ചിമാംബരത്തിനു തീപിടിക്കുന്നതും,
ജ്വാല ഭാനുവേ രക്തവർണ്ണമാക്കുന്നതും
കണ്ടുകണ്ടിങ്ങിരുന്നിങ്ങനെ, നിന്നിലൂടെൻ
വിറയൽരോഗം കുടിച്ചിറക്കട്ടെ ഞാൻ

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ