പക്ഷികളുടെയാകാശത്തിൽ നിങ്ങൾ അതിർത്തികൾ ഉയർത്തുന്നു
കവാടങ്ങളിൽ നിങ്ങളവരോട് അടയാളങ്ങൾ ചോദിക്കുന്നു
ഋതുക്കളെ
വേർതിരിച്ച്
പൂക്കളെ കാൽക്കീഴിൽ ഞെരിക്കുന്നു
മലനിരകൾ കടന്നെത്തുന്ന
മേഘം അതിർത്തിയെക്കുറിച്ച്
വേവലാതിപ്പെടാതെ
പെയ്ത് നദികളിൽ നിറയുന്നു
ഒറ്റയുടലിനെ പലപേരുകളാൽ
മുറിച്ചിട്ടും
തീരം എല്ലാവർക്കുമായി കാത്തിരിക്കുന്നു.
അതിർത്തി
കടന്നെത്തുന്ന കാറ്റ് മരങ്ങളെ ചുറ്റിവരിയുന്നു
ചില്ലകളിൽ മഞ്ഞു
പൊഴിയിക്കുന്നു
സൗമ്യതയോടെ
വിരിഞ്ഞ
പൂവിനെ
പേരുകൾ കൊണ്ട് തൊട്ടറിഞ്ഞ്
അതിർത്തിക്കപ്പുറത്തേക്ക് പറഞ്ഞയക്കുന്നു.
ഇതെന്റെയാകാശം
ഇതെന്റെയും ഭൂമി എന്നോർത്ത് അതിർത്തിയിലെ മരങ്ങൾ തണൽ പടർത്തുന്നു!