പുകവലി പാടില്ല,
വരുന്നു 'മറവിൽ തിരിവ്', തുമ്പോലാർച്ച,
നല്ലയിനം ചെമ്പു പാത്രങ്ങൾക്ക് ..മുസല്യാർ പാത്രക്കട.
ശുദ്ധമായ സസ്യഭക്ഷണത്തിന്
ഹോട്ടൽ അമ്പാടി, കുറ്റിമുക്ക്
എന്നിങ്ങനെയുള്ള ചില്ല് പരസ്യങ്ങൾക്കു
ശേഷം
ഹാളിൽ നിശ്ശബ്ദത പാലിക്കാനുള്ള ആഹ്വാനം.
ശേഷം മഹാത്മാവിൻടെ ദണ്ഡിയാത്രയുടെ
ദ്യശ്യങ്ങൾ വെള്ളവിരിപ്പിലൂടയതിവേഗം പോകുന്നു.
പുറത്ത് പെയ്യാനാരംഭിച്ച മഴയുടെ ആരവത്തേക്കാൾ വലിയ കൈയടികളോടൊപ്പം,
റീലുകളുടെ എണ്ണത്തൊടൊപ്പം,
വരകളും കുറികളും തീർന്ന്.
'തിരശ്ശിലയിൽ നിങ്ങളുടെ ഇഷ്ടതാരങ്ങൾ
എന്ന് ഈസ്റ്റ് മാൻ കളറിൽ തെളിയുന്നു.
കപ്പലണ്ടി മണം തീരുന്ന
ആ നിമിഷം മുതൽ
കുഷൻ കീറിയ ഇരിപ്പിടത്തിലെ ഫസ്റ്റ് കളാസ്സും,ചാരുബെഞ്ചിലെ സെക്കൻറ് ക്ളാസ്സും,മണൽപ്പരപ്പിൽ സാധാരണക്കാരനും നിശ്ശബ്ദനാകുന്നു.
തീരശ്ശീല ഭേദിച്ച് കാഴ്ചകളിലേക്ക്
ഊളിയിടുന്നു.
കനത്ത ഇരുട്ടിലെ ഏക വെള്ളിവെളിച്ചത്തിൽ,
ബിരുദം നേടി, ജോലി തേടി
കരിവണ്ടി കയറുന്ന,
അമ്പലത്തിൽ നിന്നും
ഇടവഴിയിലൂടെ വരുന്ന
നായികയെ രക്ഷിക്കാൻ,വില്ലനെ
അടിച്ചോടിക്കുന്ന സുമുഖൻ നായകൻ.
അടുക്കളക്കാരുടെയും, തോട്ടക്കാരൻടെയും
അപാരമായ തമാശകളുടെ ഒാട്ടൻതുള്ളൽ.
ഗാനന്യത്തരംഗങ്ങളുടെ പൊലിമ
ബന്ധങ്ങൾ,ബന്ധനങ്ങൾ
ആഘോഷങ്ങൾ,ആവലാതികൾ
കഷ്ടപ്പാടുകൾ,പ്രതിസന്ധികൾ.
ബലപരീക്ഷണങ്ങൾ.
ഇവയ്ക്കൊപ്പം നീന്തിയൊഴുകി
കരയ്ക്കടിഞ്ഞ്.
ഒടുവിൽ ശുഭം എന്നെഴുതിക്കാണിക്കുന്നതൊപ്പം
തോർന്ന മഴയിൽ
എവിടെ നിന്നൊക്കെയോ വന്നവർ അഭിപ്രായങ്ങൾ പറഞ്ഞ്, കഥയിലെ വഴിത്തിരിവുകളും
ദുഃഖങ്ങളും സന്തോഷവും പങ്കു വച്ച്
ഉയരുന്ന പുകവളയങ്ങൾക്കിടയിലൂടെ
നാട്ടിൻപുറങ്ങളിലെ അന്ധകാരത്തിലേക്ക്
മറയുന്നു.
മഴയിൽ കുളിച്ച് നിൽക്കുന്ന,
മൈതാനത്തിൻടെ മൂലയിലെയീ
സിമൻറ് ഗോഡൗൺ
കഥകളുടെ വർണ്ണപ്രപഞ്ചം തീർത്തൊരു
ടാക്കീസിനെ സ്വപ്നം കാണുകയായിരുന്നു.