മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Saraswathi T)

അനവരതമനവദ്യ മെൻതൂലികത്തുമ്പി
ലണയും പദാവലിയെന്നെ വിട്ടെങ്ങുപോയ്? 

വരകളും വർണപ്പൊലിമയുമത്രമേൽ
ആശ്വാസദായകമായിരുന്നില്ലയോ....! 

നിറയുന്ന ശൂന്യത വിങ്ങും നിമിഷമേ
നീ മാത്രമാണിന്നു മൂകമാംസാക്ഷിപോൽ 

നിറയും മിഴികൾ തുടച്ചിടാനാവാതെ
നിസ്സംഗമായ് ഞാൻ തളർന്നിരിക്കുമ്പൊഴും, 

സുലളിതപദങ്ങളെയാവാഹനം ചെയ്ത രികിൽ
വരുത്തുവാനായെന്റെ കൈവശം 

കരുതിയതുമില്ലൊരു മാന്ത്രികവിദ്യയും
മായൂരപിഞ്ഛികാ ജാലവുമിന്നു ഞാൻ! 

കനിവോടെയെന്നരികിലെത്തുവാനെൻ ദേവി 
കരളലിഞ്ഞൊന്നപേക്ഷിപ്പുകാവ്യാംഗനേ .. 

തുഞ്ചന്റെശാരികപ്പൈതലിന്നേകി നീ
കൊഞ്ചലിൽ മാധുര്യമേറെയെന്നോമലേ, 

കുഞ്ചന്റെ ചടുലമാം തുള്ളലിലനർഗളം
വിങ്ങിവഴിയുന്ന പാലാഴിയായി നീ .... 

മഞ്ജരീഗാഥയിൽ കണ്ണന്റെലീലകൾ
മാധുര്യമോടെത്രചേലിൽ മൊഴിഞ്ഞു നീ.... 

കനകച്ചിലങ്ക കിലുക്കിയും നൽ വഞ്ചി
താളത്തിൽ മേളത്തിൽ നന്നായ് തുഴഞ്ഞതും 

പ്രേമസംഗീതമതത്ര മേലാർദ്രമായ്
സാഹിത്യമഞ്ജരീ കാവ്യകല്ലോലമായ് 

സ്നേഹാർദ്രമായ് അതികരുണമായ്പാടിയ
കാവ്യമനോഹരീ നിന്നെ നമിപ്പുഞാൻ!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ