മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 (Shaila Babu)

ഇമകളിൽ നിറയുന്ന
നിഴലാട്ട ഭീതിയാൽ;
ഇരുളിന്റെ വീഥിയിൽ
തിരയുന്നതാരെയോ?

പകലോനകന്നിട്ടും
പനിമതി വന്നില്ല;
പവിഴച്ചെരാതുപോൽ
താരകൾ വിരിഞ്ഞില്ല! 

കൂരിരുൾ പുതപ്പിട്ടു
വിശ്വം മയങ്ങവേ...
കൂട്ടരെ പിന്തിരി-
ഞ്ഞെന്തിനായലയുന്നു? 

ആരോ മെനഞ്ഞതാം
കെണിയിലമർന്നതോ?
അനുരാഗക്കയറിലെ
കുരുക്കിൽ പിടഞ്ഞതോ? 

മൗനാനുവാദത്തിൽ
മുൻപേ ഗമിക്കുകിൽ
മിന്നുന്ന വെട്ടത്തി-
ലൊപ്പം നടന്നിടാം. 

അഭിലാഷത്തിരിനാള-
മണയാതിരിക്കുവാൻ
ആകാശക്കനവുകൾ
കണ്ടു രസിച്ചിടാം. 

എൻ മനോമുരളിയിൽ
സുന്ദര ഗീതമായ്,
ഏകാന്ത തീരത്തു
സാന്ത്വനമായിടാം!

എൻ തനുവെട്ടത്തി-
ലെന്നും പൊതിഞ്ഞിടാം
ഏകാകിനീ നിൻ
കളിത്തോഴനായിടാം! 

അല്പായുസ്സായിടും
മിന്നാമിനുങ്ങിന്റെ
ആശ്വാസധാരയി-
ലമ്പരന്നീടവേ... 

ആകാംക്ഷ നാമ്പുകൾ
തളിരിട്ടു ഹൃത്തിലായ്
അതിജീവനത്തിൻ
ഹരിതാഭ കണ്ടവൾ! 

ഉള്ളിന്റെയുള്ളിലെ
ചുടുനെടുവീർപ്പുകൾ,
കുളിരലത്തെന്നലായ്
തഴുകിത്തലോടിയോ..?

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ