(ഷൈലാ ബാബു)
അമ്മതൻ നിഴലായ് ചാരവെ നിന്നിടും,
അച്ഛൻ്റെ സ്ഥാനമവർണ്ണനീയം!
സ്നേഹത്തിൻ പഞ്ചാമൃതമൂട്ടി മക്കളെ,
വാത്സല്യത്തോണി തുഴഞ്ഞുനിന്നു!
ജീവിതക്കളരിയിലേകനായ് പടവെട്ടി,
കുടുംബത്തിനായി പൊരുതിനിന്നു!
അല്ലലറിയാതെ ഭീതിയുമേശാതെ,
അച്ഛൻ ചിറകിൽ വസിച്ച കാലം!
വാനോളമുയർന്നിടുമുത്തമ ചിന്തകൾ,
ആവോളം നൊട്ടിനുണഞ്ഞിരുന്നു!
അറിവിലും കേമനാമച്ഛൻ്റെ ജീവിതം,
മക്കൾക്കുമുറ്റുമായുഴിഞ്ഞുവച്ചു!
എന്നും തണലാകും ഗേഹത്തിൻതരുവായ്,
സ്നേഹത്തിന്നിലകൾ പൊഴിച്ചുനിന്നു!
ആകാശത്തോളമുയർന്നിടും മോഹങ്ങൾ,
ജീവിതവാടിയിൽ പാറിനിന്നു!
ഉയരെപ്പറന്നിടും ചിറകുള്ള സ്വപ്നങ്ങൾ,
വിധിയുടെ ചൂടിൽ കരിഞ്ഞുവീണു!
കാട്ടുതീയാകും മാരി തൻ വ്യാധിയിൽ,
അച്ഛൻ്റെ പ്രാണൻ വിറങ്ങലിച്ചു..!