ഒരു നവ മുകുളമായ്
പൂവാടി തന്നിൽ
ഒരു നൂറു കനവുമായവൾ പിറന്നു,
പാതിവിടരുന്നതിൻ
മുൻപിലേതോ
പാപത്തിൻ കൈകളിൽ
ഞെരിഞ്ഞമർന്നു!
നീതിദേവത പോലും
മിഴിനീരണിഞ്ഞു,
നിയതി പോലുമിതിൽ
നിശ്ശബ്ദമായിതോ!
പൈതലാണവൾ
പതിതയായ്ത്തീർന്നു തൻ-
പിതാവിൻകരങ്ങളാലതി ഹീനമായ്...
പിഞ്ചിളം മേനിയെ
പുണരേണ്ടതാം കൈകൾ
പിച്ചിയെറിഞ്ഞിതോ
ക്രൂരമായ് നിർദ്ദയം;
പടവാളെടുക്കണോ,
പിണമായി മാറ്റണോ,
പാഴ്മരമൊന്നിനെ
പിഴുതങ്ങെറിയണോ!
അമ്മയാകു,ന്നവൾ
പിഞ്ചിളം പെൺകൊടി,
പത്തുവസ്സിലി-
തെന്തു പാപം!
അമ്മിഞ്ഞയുണ്ടു
കൊതിതീരാ പ്രായത്തിൽ:
അച്ഛനാണത്രേ
മൃഗീയ ജന്മം സ്വന്തം
അരുമക്കിടാവിനെ...
കൈതവമോലാത്ത
പൈതലോ പേറുന്നു
കല്മഷമുള്ളിൽ,
പിതാവിന്റെ വിത്തിനെ;
കാലം കലികാല-
മെന്നോർത്തു കളയാതെ
കാലപുരിക്കു താ-
നവനെയയയ്ക്കണം!
നരനായ്പ്പിറന്നതിൽ
ലജ്ജിക്ക നാമൊക്കെ,
നരാധമനാകുമാ
വന്യവൃഷത്തിനു,
നാരിയെ നേരായി-
ക്കാണാത്ത ശ്വാവിന്,
നരകത്തിൽ പോലു-
മിടം ലഭിക്കാതെ പോം!
തൻ പിഞ്ചുപൈതലിൻ
ജീവിതം ഹോമിച്ച
പാപത്തിൻ ഭാരം
പൊറുക്കുമോ മന്നിടം?
പലരുണ്ടൊളിഞ്ഞും
തെളിഞ്ഞുമിതുപോലെ
മനുജനായ് മണ്ണിൽ-
പ്പിറന്ന കിരാതന്മാർ!
നീതിയും ന്യായവും
നോക്കേണ്ടതി,ല്ലതി-
നീചമായ്ത്തന്നെ
വിധിക്കേണം ശിക്ഷയും;
നാലാളു കാൺകെ-
യുടുതുണിയുരിയിച്ചു
നാൽക്കാലിയിൽ കെട്ടി
ചാട്ടയ്ക്കടിക്കണം!
അമ്മയായ്, ദേവിയാ-
യെന്നെന്നും മാനിച്ചു
നാരിയെ വാഴ്ത്തിയ
പൈതൃകമെങ്ങു പോയ്;
ഇന്നവൾ മാറി,
വെറും ഭോഗവസ്തുവായ്,
എന്നെങ്കിലുമൊരു
മോചനമുണ്ടാമോ?
പെണ്ണായി മണ്ണിൽ-
പ്പിറന്ന നാൾ തൊട്ടവൾ
മണ്ണായി മാറുംവരെയും
സഹിക്കണോ?
ശമിക്കുന്നതില്ലെന്റെ
കോപതാപങ്ങൾ,
ജ്വലിക്കുന്നിതുഷ്ണ-
പ്രവാഹമായ് മാറുന്നു!
*സ്വപിതാവിന്റെ പീഡനത്താൽ ഗർഭിണിയായ പത്തു വയസ്സുകാരിക്ക് എട്ടാം മാസത്തിൽ ഗർഭഛിദ്രം അനുവദിച്ചുകൊണ്ടുള്ള ഒരു കോടതി വിധി കഴിഞ്ഞ ദിവസം വന്നിരുന്നു. സാക്ഷര കേരളത്തിന്റെ ഏറ്റവും ലജ്ജാവഹമായ സംഭവം!