ഈറൻമുടികോതി,യേകയായംബര -
മേറി വധൂടിപോൽ പുതുപുലരി.
നിറമെഴാമോഹത്തിൻ തുയിലുമായ് മുകിലുകൾ
നിറമിഴിതോരാതെ പെയ്കയായി!
തിറയാടിയടിയാള സ്വത്വം ജ്വലിപ്പിച്ച
ചെറുമക്കുടിൽ മേലെ വില്ലുയർന്നു !
നിറമാരുനല്കി നിൻ ധനുസ്സിന്നഴകേതു
ചെറുവ്യാജിതൻ പർണ്ണ നിറമലിഞ്ഞു?
ചെറുതുള്ളിയായ്, തുള്ളിക്കൊരുകുടമായ് ധാര -
മുറിയാതെ ചെറുവർഷമായി മാറി !
ചിറ തകർന്നെത്തിയ ശകുലങ്ങളെയുറ്റ്,
ചെറുകൊറ്റി യെങ്ങിരുന്നെത്തിയാവോ?
ഇറകീറനാ യിലക്കുടിൽ തേടിയുഴറുന്ന
പറവകളെങ്ങോ ഗമിക്കയായി!
ഇറയത്ത് പൊഴിയുന്ന മഴനാരിനഴകിലേ -
ക്കിറയടയാതെ മിഴിയാണ്ടു ഞാനും