മഹാരാഷ്ട്രയിലെ 'ബീഡ്'* എന്ന സ്ഥലത്തു നടന്ന ഈ കരളലിയിക്കുന്ന സംഭവം ഒരു പൗരയെന്ന നിലയിൽ എന്നിലുണ്ടാക്കിയ അനുരണനങ്ങൾ...
മാറു ചുരത്തുമീ
ചുടുപാലു മോന്തുവാ-
നാരുടെ ബീജത്തി-
നാഭാഗ്യമേ!
നാലാളുമല്ലതു,
നാനൂറു പേരവർ
താങ്ങുമീ ഗർഭമി-
ന്നാരുടേതോ?
പിച്ചി വലിച്ചു,
കടിച്ചു മുറിച്ചവർ
ഭ്രാന്തമായ് വാഴുമാ
ദുർന്നിമിഷം;
നിർദ്ദയർതൻ ചട്ടം- ലംഘിക്കയല്ലെങ്കിൽ,
വികലമാം നീതിയി-
ന്നെന്നുടേതോ?
വേർപ്പും ചവർപ്പും
ദുഷിപ്പിന്റെ ഗന്ധവും,
ഭീതിതൻ കൂരിരു-
ളെങ്ങുമെങ്ങും;
ഉണങ്ങിയെന്നാകിലും
മായാത്ത മുറിവുകൾ
ഓർമ്മതൻ ചൂളയിൽ
തള്ളിടുന്നു.
ക്ഷണിക നേരത്തേക്കു,
കാമവെറിയുടെ-
കറകളഞ്ഞീടുന്ന
സ്തൂപമാം ഞാൻ സ്ത്രീത്വത്തിനുള്ളിലായ്
നോക്കിനിന്നീടുകിൽ
ഞാൻതന്നെ,യെന്നെ
ശപിച്ചിടുന്നു!
നേരിൻ കവാടമാം
നീതിപീഠത്തിന്റെ
കണ്ണുകൾ താനേയ-
ടഞ്ഞിടുമ്പോൾ,
കാക്കിയ്ക്കു
കാലന്റെ ഉശിരു
നൽകുന്നോരോ,
'വേശ്യ'യെന്നെനെ-
വിളിച്ചിടുന്നു...
ജയിലറക്കുള്ളിലെൻ
ചോര, നീരാകുമ്പോൾ-
നെറ്റിത്തടത്തിൻ
വിയർപ്പു മാറ്റി,
പൊടി തട്ടി, കാർക്കിച്ചു
തുപ്പി മുടി,ച്ചവർ-
ഹരിശ്ചന്ദ്രരായി-
വിലസിടുന്നു!
ദേഹിയും ദേഹവും
വിട്ടുപോയെങ്കിലും
കണ്ണു മിഴിച്ചു ഞാൻ
നോക്കിടുമ്പോൾ...
ത്രാസിന്റെ തട്ടിന്നു
മാറ്റമുണ്ടാകുമോ,
നാമ്പുകൾ
പച്ചയായ് മാറീടുമോ?
സത്പൂജ്യരായവർ കൈമലർത്തീടുകിൽ-
ഇരകൾക്കു പഞ്ഞമോ-
യെന്റെ നാട്ടിൽ!
'സ്ത്രീജനം തന്നെനാ,-
മഭിമാന'മെങ്കിലു-
മബലകളല്ലയോ
നാമേവരും?
ഡൽഹിയും ഉന്നാവും-
കത്വയും ഹത്രസ്സും,
ശക്തിമിൽ കേസുമെൻ
തലമുറക്കാർ!
മുന്നോട്ടു പായും,
കിതപ്പറ്റ വാദമായ്-
ഞാനുമീ 'ബീഡിന്റെ'*-
യിരയായവൾ!