(Ramachandran Nair)
ആ വഴിത്തിരിവിലെങ്കിലും ഒരു മാത്ര നിന്നെ-
ക്കണ്ടിരുന്നെങ്കിലെന്നു ഞാനാശിച്ചുപോയി;
നിന്നിൽനിന്നും ഒരു മൊഴി കേൾക്കുവാനായെങ്കി-
ലെന്നു ഞാൻ പലവട്ടം കൊതിച്ചുപോയി.
ഇനിയെത്ര നാൾ കാത്തിരുന്നീടുകിലൊന്നു
കാണും നിന്നെ, യൊരുവാക്കു ചൊല്ലുവാൻ;
ഇനിയെത്ര നാൾ കഴിയണം നിന്നെയൊന്നു
കൺകുളിർക്കെക്കണ്ടാസ്വദിക്കുവാൻ.
കാത്തിരിപ്പിന്റെയൊക്കെ സുഖമൊന്നു വേറെ-
യാണെങ്കിലും എത്ര നാൾ കാത്തിരിക്കണം;
ആശിച്ചുപോകുന്നു ഞാനെപ്പോഴും നീയെന്നു-
മെന്റെയടുത്തുണ്ടായിരുന്നെങ്കിലെന്ന്.
എവിടെയാണെങ്കിലും നീ സുഖമായിരിക്കട്ടെ,
നിന്റെ മോഹനസങ്കൽപങ്ങളൊക്കെക്കതിരിടട്ടെ;
എവിടെയാണെങ്കിലും നിന്റെയോർമകളെന്റെ,
മനസ്സിന്റെ കണ്ണാടിയിലെന്നും പ്രതിഫലിക്കും.
ഇനിയൊരു ജീവിതമെനിക്കുണ്ടെന്നാകിൽ,
അതു നീയുമൊന്നിച്ചുമാത്രമുള്ളതായിരിക്കും;
ഇനിയൊരു വസന്തമെന്നിൽ പൂക്കുന്നുവെങ്കിൽ,
അതു നീയെന്റെയടുത്തുള്ളപ്പോഴായിരിക്കും.
✍️രാമചന്ദ്രൻ, ഉദയനാപുരം