(Rajendran Thriveni)
ഇരുളും വെളിച്ചവും പോലെ,
നിഴലും നിറങ്ങളും പോലെ,
അഗ്നിയും ജലവും പോലെ,
മരണവും ജീവിതവും പോലെ!
നമ്മളൊന്നാവുമ്പോൾ
ഇത്തിരി വലിയ ഒന്നല്ല;
ശൂന്യതയാണ്, പൂർണതയാണ്.
രൂപഭാവങ്ങളില്ലാത്ത
വികാരവിചാരങ്ങളില്ലാത്ത,
നിർവചനങ്ങൾക്കതീതമായ
കാലത്തിന്റെ നിഗൂഢതയിലെ
ഒരുതുള്ളി ഇരുട്ട്;
അല്ലെങ്കിൽ,
ജ്വലിക്കുന്ന സൂര്യതേജസ്സിൽ
ഒരഗ്നിസ്ഫുലിംഗം!
നീയും ഞാനും ഒന്നാകുന്നതിനെ
'തത്ത്വമസി' എന്ന് ഉപനിഷത്തു വിളിച്ചു!
ഞാൻ ജീവിതമാണ്
നീ മരണവും!
നമ്മളൊന്നാവുമ്പോൾ
നിശ്ചലത, നിശൂന്യത!