എവിടെ തിരിഞ്ഞൊന്നു നോക്കിയാലും
ചിക്കിചിനയുന്ന ദേശിയ പക്ഷി.
വക്ര പെരും പാറ്റ പെരുകുന്ന പോലെ
കോഴികൾ പറമ്പിൽ ചികയുന്ന പോലെ
അന്നത്തെ, അന്നത്തെ അന്നത്തിനായി
തെണ്ടുന്ന ഭിക്ഷാംദേഹിയെ പോലെ
പറമ്പുകൾ തോറും, കുന്നിൻ ചെരുവുകൾ തോറും
അലയുന്ന മയൂര സംഘം, അഴകുള്ള മയൂര സംഘo….
പണ്ടൊരു മയിലിനെ കാണുവാനായി
കാഴ്ച ബന്ഗ്ലാവിൽ പോയിരുന്നെങ്കിൽ
കൺവെട്ടത്തിതാ, കൈയകലത്തിങ്കൽ
കാണാം മയിലിന്റെ കൂട്ടം
പണ്ടൊരു മയിൽ പീലി തുണ്ടിനായി
ഏറെ കൊതിച്ചിരുന്നെങ്കിൽ
മുറ്റത്തുനിന്നും പെറുക്കി എടുക്കാം
അഴകാം മയിൽ പീലി തുണ്ടും …
മണ്ണിൽ വിതച്ച വിത്തുകൾ, ധാന്യങ്ങൾ
വളരുവാൻ വെമ്പുന്ന തളിരില തുമ്പുകൾ
വയലിൽ കതിരിട്ട നെല്മണി മുത്തുകൾ
മയിലുകൾ കൊത്തി നടന്നകലുമ്പോൾ
ദൈന്യതയോടെ നിൽക്കുന്നു കർഷകൻ.....
ഹരിതമാം ഈ കേരളഭൂമിയിൽ
മയിലുകൾ ഇങ്ങനെ പെരുകി നിറയുമ്പോൾ
ആശങ്ക ഏറുന്നു, നെഞ്ചിടിപ്പേറുന്നു …
ഈ ഹരിതം മായുമോ ?
പുഴകൾ നശിക്കുമോ ?
വറ്റി വരണ്ട ജലാശയങ്ങളിൽ, മയിലുകൾ -
താണ്ഡവ നൃത്തം ചവിട്ടുമോ ?
ദാഹശമനത്തിനായി നീർക്കണം തേടി
മർത്യൻ അലഞ്ഞുതിരിയുമോ ?
ഒരിറ്റു വെള്ളത്തിൻ നനവ് തട്ടാതെ -
ശ്വാസം നിലയ്ക്കുമോ ?