(Ramachandran Nair)
കാണുന്നു നമ്മൾ നഗരത്തിൻ വിരിമാറിലെ-
പ്പാതയോരങ്ങളിൽ, നിത്യവുമെന്നോണം;
സൗന്ദര്യമേകും വസ്തുക്കളെ വിൽക്കാനിരിക്കും;
സാധുക്കളാം നാരീമണികളെ.
വളകൾ, പൊട്ടുകൾ, മാലകളെന്നു വേണ്ടാ,
ബാഹ്യമോടിയേറ്റിടും സാധനങ്ങളുണ്ടവിടെ;
മേനിതൻ സൗന്ദര്യത്തിൻ മാറ്റു കൂട്ടാൻ,
വാങ്ങിച്ചു കൂട്ടുന്നു നമ്മളവയോരോന്നും.
അറിയുന്നില്ല നമ്മൾ ആ നാരീമണിക-
ളനുഭവിക്കും തീരാ വേദനകളെ,
ശാലീന സുന്ദരികളല്ലായവരെങ്കിലും;
വിൽക്കുന്നു സൗന്ദര്യമേകും വസ്തുക്കൾ.
കൃത്രിമ സൗന്ദര്യമേകി നാം നമ്മുടെ മേനിയെ,
സൗന്ദര്യമുള്ളതാക്കി പ്രദർശിപ്പിച്ചിടുന്നു;
ചേർത്തു വയ്ക്കും ബാഹ്യസൗന്ദര്യങ്ങളൊന്നും
യഥാർത്ഥമല്ലെന്നോർക്കണം നമ്മൾ.