(Sohan KP)
ഒരാൾക്കൂട്ടത്തിന്‍ പലായനം
പുത്തന്‍ മരുപ്പച്ചകള്‍ തേടി
മുഷിഞ്ഞ വസ്ത്രങ്ങളിൽ
തെളിയും ദൈന്യത, ജീവിത
ദുരിതത്തിന്‍ നേര്‍ക്കാഴ്ചകള്‍
നടന്നും കാളവണ്ടികളിലും
നീങ്ങുന്ന ചെറുസംഘങ്ങൾ.
ഒറ്റപ്പെട്ട, ആബാലവ്യദ്ധരുടെ,
നീണ്ട നിരകളായി
നടന്നകലുന്ന നിഴലുകൾ
നിസ്സഹായതയുടെ ഇരുട്ടില്‍
പ്രതീക്ഷകളുടെ വെളിച്ചം തേടി
കനത്ത ചുമടുകളമായ്
അലയുന്നവര്‍.
മുന്‍പില്‍ അനന്തമായ പാത
മഞ്ഞിലും മഴയിലും
കൊടുംവേനലിലും
മരത്തണലുകളിലും
മൈതാനങ്ങളിലും തളർന്നു മയങ്ങുന്നവർ.
യാത്ര തുടരുന്നു.
ഏതോ വിദൂരഗ്രാമങ്ങള്‍
അവരെ കാത്തിരിക്കുന്നു.
ആഹ്ളാദാരവങ്ങളുടെ ഓർമ്മകളിൽ,
വേലിയിറക്കം കഴിഞ്ഞ തീരത്തേപ്പോലെ
അവയൊഴിഞ്ഞു കിടക്കുകയാണ്.
പച്ചപ്പിൻടെ സ്വപ്നത്തുരുത്തുകൾ.
പുഴക്കണ്ണാടിയിൽ മുഖം നോക്കുന്ന
മുതുക് വളഞ്ഞ തെങ്ങുകൾ
ഓലത്തുമ്പിലുരുണ്ടു വീഴുന്ന മഴത്തുള്ളികൾ
മരം പെയ്യുമ്പോൾ പൊങ്ങിപ്പരക്കുന്ന
നീരാവിയുടെ പുകമറയിൽ
താഴ്വരയിലേക്ക് കുതിച്ചു ചാടുന്ന
അരുവിയിലെ സ്ഫടികകണങ്ങൾ.
പുൽമൈതാനങ്ങളിലെ ഇടവഴികൾ.
വളവിലും തിരിവിലുമുള്ള
വിജനമായ മൺവീടുകൾ.
കരിയില പാകിയ മുറ്റങ്ങൾ.
പോക്കുവെയിലിലെ മഞ്ഞ ശലഭങ്ങൾ.
ചെറുകോവിലും സത്രവും.
ഗ്രാമമദ്ധ്യത്തിലെ പടുകൂറ്റനാലും,
വേലിപ്പരപ്പിലെ നീലശംഖുപുഷ്ങ്ങളും,
മഷിത്തണ്ടുകളും, കൊഴിയുന്ന
അരളീദളങ്ങളും.പറന്നുയരും
പട്ടങ്ങളും അപ്പൂപ്പൻ താടിയും
കുന്നിൻ പുറങ്ങളും നിശാഗന്ധിയും
വൻമരക്കൂട്ടങ്ങൾക്കിടയിൽ
അക്കരെ കാണാനാവാത്ത,
മലനിരകളിൽ നിന്ന്
മഞ്ഞുരുകിയെത്തും മഹാനദിയും
അവരെ കാത്തിരിക്കുകയാണ്.
ഇനിയൊരു മടക്കയാത്രയില്ലാത്ത
മടങ്ങിവരവുകൾക്കായ്.