(Sreekala Mohandas)
ഈ കൊച്ചു വാടിയിൽ ഒറ്റയ്ക്ക് ഞാനി-
ന്ദാനന്ദ ചിത്തയായി നോക്കിനിൽക്കെ,
ഒരു മൂളിപ്പാട്ടെന്റെ ചുണ്ടോളമെത്തിയ
തുച്ചത്തിൽ ഞാനങ്ങു പാടിപ്പോയി
വെയിൽ താണ്ടിയെത്തിയ ചെറുവാലൻ
കിളിയൊന്നു
മന്ദാരച്ചില്ലയിൽ വിശ്രമിക്കുന്നേരം
ഇടിവെട്ടും പോലെന്റെ പടുപാട്ട് കേട്ടിട്ടു
കിലുകിൽ ചിലച്ചും കൊണ്ടെന്നെ കളിയാക്കി,
പൊരിവെയിലിലെങ്ങോ പറന്നുപോയി
ഉച്ചമയക്കത്തിലാണ്ടുകിടന്നൊരാ
പൂച്ചക്കുറിഞ്ഞ്യാരും ഞെട്ടിയുണർന്നു.
ഇരു കാലം മുന്നോട്ടു നീട്ടി
മുതുകൊന്നു വില്ലു പോൽ മെല്ലെ വളച്ചിട്ടു
ആലസ്യത്തോടങ്ങു മൂരി നിവർന്നു.
പിന്നെ, തെല്ലോരലോസരത്തോടെന്നെ നോക്കി
മ്യാവു മ്യാവു എന്നു കരഞ്ഞു.
നാണിച്ചു പോയ് ഞാനും ജാള്യതയോടെന്റെ
അരുമച്ചെടികളെ പാളിനോക്കി
ചെറുകാറ്റിലങ്ങനെ തലയാട്ടിക്കൊണ്ടവർ
അലിവോടെ എൻ നേർക്കു പുഞ്ചിരി തൂകി.
ഒരു കുഞ്ഞു പൂമ്പാറ്റ ഇളകിപ്പറന്നെന്റെ
ചുറ്റോടു ചുറ്റിലും തത്തിക്കളിച്ചു.
പൂക്കളെ പുൽകുവാൻ എത്തിയ പവമാന-
നെന്നെയും തഴുകി കടന്നുപോയി
പരിമളം പേറുമാ സ്പർശനത്താലെന്റെ
കലുഷിതമാം മനം പൂത്തുലഞ്ഞു
മുക്കുറ്റി മന്ദാരം പാരിജാതം, മുല്ല പനിനീർ ചെമ്പരത്തി,
പിന്നെ പേരറിയാത്ത പല പൂക്കളും
ചേലോടെ നിൽക്കുന്ന കൊച്ചു പൂവാടിക.
എന്റെ ലോകം ! ഇതെന്റെ സാമ്രാജ്യം!
എന്റെ ചിന്തയ്ക്ക് തൊങ്ങലു ചാർത്തുവാൻ
എത്തുന്ന സങ്കല്പ വൃന്ദാവനം!