കണ്ണാടിയണിയാത്ത,
മുഖംമൂടിയില്ലാത്ത
പച്ചമനുഷ്യനെ കണ്ടോ?
നെറികെട്ട സംസ്കാര
ലഹരി നിറയ്ക്കാത്ത
പച്ച മനസ്സിനെ കണ്ടോ?
ശുഭദിന ചിന്തകൾ
മിഥ്യതൻ ഭിത്തിയിൽ കാണാത്ത
പച്ച മനുഷ്യനെ കണ്ടോ?
നവമാധ്യമത്തിന്റെ നുകമേന്തി-
ക്കുനിവാർന്ന ശിരസ്സിന്റെ
ഭാരം ചുമക്കാത്തോരുണ്ടോ?
ഗ്രൂപ്പിന്റെ മുറ്റത്ത്
പതിനെട്ടു മുറ വെട്ടി
അങ്കം കുറിക്കാത്തോരുണ്ടോ?
പഞ്ചേന്ദ്രിയങ്ങളെ, മൂടിപ്പൊതിയുന്ന
മൂഢവിശ്വാസ മുഖപടം ചാർത്താത്ത
മാനുഷരെങ്ങാനുമുണ്ടോ?
ചുറ്റും പരക്കുന്ന മാലിന്യ മാധുര്യം
ഭക്ഷിച്ചു ഈച്ചയായ്ത്തീരാത്ത
പച്ച മനുഷ്യനെ കണ്ടോ?