(Rajendran Thriveni)
ചുരം കടന്നെത്തിയ
കാറ്റിനെ ഞെട്ടിച്ച
രക്തപ്പുഴയിലെ
ചോരയ്ക്കു നിറമെന്ത്?
ചോര ചുവന്നതോ,
കാവിയോ, പച്ചയോ?
നിറഭേമുണ്ടെന്നു
കാറ്റും പറയില്ല!
വിദ്യപ്രബുദ്ധരാം
മലയാളിയറിയുന്ന
ചോരയ്ക്കു മഴവില്ലിൻ
ഏഴു നിറങ്ങളോ?
വെള്ളയും പച്ചയും
കുങ്കുമ വർണവും,
മഞ്ഞയും നീലയും
മറ്റു നിറങ്ങളും;
കൊടിയാക്കി വീശുന്ന
കേരളം ഞെട്ടില്ല,
അമ്പതും നൂറു-
മിരുന്നൂറു വെട്ടുകൾ;
രക്തം പരത്തുന്ന
നിറമുള്ള കാഴ്ചയിൽ!
സൂര്യനും ചന്ദ്രനും
കാറ്റും മഴക്കാറും
കണ്ടു മനം നൊന്തു
പൊട്ടിക്കരഞ്ഞാലും;
അന്തിയിൽ ചർച്ചതൻ
ക്രൂര രസങ്ങളെ
കേട്ടിട്ടു മലയാളി
അത്താഴമുണ്ണും,
സുഖമായുറങ്ങും,
ചോരപ്പുഴയിലെ
നിറമുള്ള കാഴ്ചകൾ
സ്വപ്നത്തിൻ കണ്ടിട്ടു
ഉള്ളം കുളിർത്തിടും!
സാക്ഷര കേരളം!
പെറ്റു വളർത്തുന്ന
രാഷ്ട്രീയ ഭൂതങ്ങൾ
വാഴുന്ന കേരളം!