നിന്നെ വീണ്ടും കാണുന്നതോർക്കുമ്പോൾ,
കാറ്റത്ത് നിന്റെ പുഞ്ചിരിയടരുകൾ പൊഴിക്കും വിധം
നിന്നിൽ നനഞ്ഞ കാലമാവുന്നു ഞാൻ.
നിന്റെ വിചാരങ്ങളിൽ നീന്തുമ്പോൾ,
തുലാവർഷമുറ്റത്ത് ആടിയുലഞ്ഞു
മുങ്ങിപ്പോയ കളിത്തോണി പോലെ
നിന്റെയാലിംഗനത്തിന്റെ ഊഷ്മളതയിൽ കുതിർന്ന്,
ഇഴ പിരിച്ചെടുക്കാൻ കഴിയാത്ത വണ്ണം
നിന്റെ കയങ്ങളിൽ നഷ്ടപ്പെട്ട പെരുമഴക്കാലമാവുന്നു ഞാൻ.
നീ വരാൻ വൈകുന്ന നേരങ്ങളിൽ, കണ്ണുപൊത്തി ഓടിക്കളിച്ച്
കാട്ടുപൊന്തയിൽ കാണാതെ പോയ
കുട്ടിയുടെ ഓർമയാവുന്നു ഞാൻ.
നിന്റെ കണ്ണിൽ നോക്കിയിരിക്കുമ്പോൾ,
വെള്ളിലക്കാട്ടിൽ ഒറ്റയ്ക്കു പാർക്കുന്ന
ഒരു തിത്തിരിപ്പക്ഷിയുടെ പാട്ടിന്റെയുള്ളിലെ വാടാത്ത അഗ്നിയാവുന്നു ഞാൻ.
നിന്റെ പായാരം കേട്ടിരിക്കുമ്പോൾ,
വീട്ടു മുറ്റത്ത് പ്രാന്ത് പിടിച്ച് പൂത്തു നിറഞ്ഞ
കാട്ടുമുല്ലയുടെ സന്ധ്യാസ്വരങ്ങളാവുന്നു ഞാൻ.
നിന്റെ പേച്ചിന് മറുപടി കുറുകുമ്പോൾ,
ഓളങ്ങളിൽ കണ്ണിമ വെട്ടാതെ നോക്കി കാത്തിരിക്കുന്ന പൊന്മയെ,
ആദ്യമായി കണ്ട കൊച്ചു കുട്ടിയുടെ
കൗതുകമാവുന്നു ഞാൻ.
ഞാൻ
വെറുതെ
ശൂന്യമാവുന്നു,
നീയില്ലായ്മ്മയെപ്പറ്റി
ഓർക്കുമ്പോൾ.