ആശയുടെ കൊടുമുടിയിൽ നിന്ന്
ആഴമേറിയ ഗർത്തത്തിലേക്ക്
തെന്നി വീഴുന്നതോ? ' നിരാശ'.
എങ്കിൽ അതാണ് 'നിരാശയുടെ പടുകുഴി'.
ആലംബമറ്റ പ്രതീക്ഷകളേ,
നഷ്ട സ്വപ്നങ്ങളേ,
ആത്മ നൊമ്പരങ്ങളേ,
മോഹഭംഗങ്ങളേ
നിങ്ങൾ തൻ കൂട്ട് നിരാശയോ ?
ഹേ നിരാശേ നിൻ നിറമെന്താണ്?
ആശകൾക്ക് പലനിറങ്ങളുണ്ടെങ്കിൽ
നിരാശകൾക്കെന്തു നിറമായിരിക്കും.
ആശകൾ തൻ പല നിറങ്ങൾ ലയിച്ച
അന്ധകാരത്തിൻ കറുപ്പുനിറമോ?
ആ കറുപ്പണിഞ്ഞ കനത്ത ഇരുട്ടിൽ
ഒന്നും കാണാനാവാത്തത് കൊണ്ടാണോ?
നിരാശേ നീ മുന്നേറാത്തത്?
നിനക്കു മുന്നിൽ ഒരു കീറ് നൂൽ വെളിച്ചമെങ്കിലും
തെളിയുന്നെങ്കിൽ
അതിൽ പിടിച്ചു നീ കയറുക.
അവിടെ നിരാശകളൊക്കെയും
അനുഭവങ്ങളുടെ തീച്ചൂളയിൽ
വെന്തുരുകിയ ലാവയായ് ഉറച്ചു
മുന്നോട്ടുള്ള പ്രയാണത്തിനായി
ഈടുറ്റ അടിത്തറയേകും.
'നിരാശ' കൊണ്ട് പണിത
തകർക്കാൻ പറ്റാത്ത അടിത്തറ.