മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പ്രണയത്തിൻ പൗർണമിപ്പാലൊഴുക്കൂ
എന്റെ ഹൃദയത്തിന്നുള്ളിലെ തീയകറ്റൂ... 

കരളിന്റെ കിളിവാതിലെന്നേതുറന്നതിൽ
താവക പദസ്പർശം കാത്തിരിപ്പൂ... 

താമരനൂലിനാലുടയാട നെയ്തിടാം
നിന്നോമൽതാരുണ്യം മൂടിവയ്ക്കാൻ! 

പ്രിയതേ നിന്നാത്മാവിലെന്നെകൊരുക്കുക
ആനന്ദനിർവൃതിയിൽ മയങ്ങാൻ! 

അരിമുല്ലവള്ളിപോൽ ചുറ്റിപ്പടർന്നിടാൻ
നെറുകയിൽ സിന്ദൂരം ചാർത്തിടാം ഞാൻ... 

പിരിയാതെന്നൊപ്പമായെന്നുമുണ്ടാവണം
മൃത്യുവിൻ മടിയിലുമൊത്തുചേരാൻ! 

സ്നേഹത്തിൻപൂവാടിതന്നിൽ നിനക്കൊരു
ശയ്യയൊരുക്കാം ഞാൻ മലരിതളാൽ! 

നിൻ മണിമാറിലെ ചന്ദനമാല്യത്തി-
ലൊരു നറുമുത്തായ് ഞാൻ മാറിടട്ടെ... 

ഒരു രാഗമേഘമായ് പെയ്തൊഴിയാതെ
നീ പരിലാളനങ്ങളാലലിഞ്ഞിറങ്ങൂ... 

പൂത്താലമേന്തുന്ന കർപ്പൂരദീപമായ്
പ്രിയസഖീ നിനക്കായെരിഞ്ഞുതീരാം...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ