എന്നുമീ ഏകാന്ത തീരങ്ങളിൽ എന്തിനോ വേണ്ടി ഞാനിരുന്നു
എന്നും നിനക്കായ് കാത്തിരിക്കാൻ
എന്റെ മനമിന്നും തുടിക്കുകയായി
ജീവിതനൗക തുഴഞ്ഞു പോകേ ജാലങ്ങൾ കാണിച്ച് മഞ്ഞുപോകേ
എവിടെ നീ മാഞ്ഞുമറഞ്ഞു പോയി
എങ്കിലും നിന്നെ ഞാൻ കാത്തിരിക്കും
സന്ധ്യമയങ്ങുന്ന നേരം പോലും സിന്ദൂര ചിരിയുമായി വന്ന നേരം
ചന്തത്തിൽ അന്നു പറഞ്ഞില്ലയോ ചിന്തിച്ച് ഒരു കാര്യം ചൊല്ലുമെന്ന്
എന്നതരംഗം തുടിച്ചു മെല്ലെ
എന്നിട്ടും നീയൊന്നും മിണ്ടിയില്ല
എന്നു പറയുമെന്നോർത്തു ഞാനും എന്നും വഴികണ്ണു നട്ടിരുന്നു
പിരിയില്ല എന്നു പറഞ്ഞില്ല നീ പിരിയരുതെന്നു കരുതി ഞാനും
പിരിയുന്ന നേരത്തെൻ കണ്ണിൽ നോക്കി
പിരിയുന്നുവെന്നും മൊഴിഞ്ഞില്ല നീ
എല്ലാരും ഒത്തുള്ള കളിചിരിയും
ഏകാന്ത യാമത്തിൻ കുസൃതികളും
എന്നും മറക്കാൻ ശ്രമിക്കുന്നു ഞാൻ എന്നിട്ടുമെൻമനം പിണങ്ങുന്നല്ലോ
പിരിയാനായെനിക്കാവില്ലെന്ന്
പറയാതെ ഞാനെത്ര പറഞ്ഞിരുന്നു
ഒരുമാത്ര നീയതു കേട്ടിരുന്നാൽ
ഒരു ഉത്തരം തേടി ഞാൻ നോവില്ലല്ലോ
ഇന്നു ഞാൻ പോകുന്നു നിന്നിൽ നിന്നും
ഇനിയെന്നെ കാണുവാൻ നോക്കരുത്
ഒന്നിച്ചു യാത്ര തുടങ്ങുവാനായ് ഇനിയും ഞാൻ കാത്തു നിന്നിടുകില്ല.
ഏകാന്ത യാത്രയിൽ കൂട്ടു വരാൻ ആരെയും ഞാൻ കൂടെ കൂട്ടുന്നില്ല.
എങ്കിലും ചൊല്ലുന്നു ഞാൻ നിനക്കായി പറയാതെ പറയുന്നു ഞാൻ നിനക്കായ്
നീയെന്റെതാകാൻ കൊതിച്ചിരുന്നു.
നീയും അത് തന്നെ നിനച്ചിരുന്നു.
ഒരു ദിനം ഞാനും അവിടെയെത്തും
നീയെന്നെ കാത്തിരിപ്പു ണ്ടാകുമോ?