(Saraswathi T)
നിത്യയൗവനമാർന്നെഴുന്നൊരീ
കൊച്ചുകേരളം മോഹനം!
പച്ചയാംവയൽ, സ്വച്ഛമാർന്നുള്ള
കൊച്ചരുവികളെത്രയോ !
കാട്ടുപൂക്കളുംതേൻനുകരുന്ന
വണ്ടുകൾ ശലഭങ്ങളും
കാനനംഅതിമോഹനം അതിൽ
കാണുമോരോ മൃഗങ്ങളും
തേക്കുചന്ദനം കാതലുള്ളൊരു
കൂട്ടം മറ്റുതരുക്കളും
കാവുകൾതോറും മെല്ലെവീശുന്ന
കാറ്റിലെത്തും സുഗന്ധവും
കേളിയാർന്നുവിളങ്ങിടും പല
കോമളകലാരൂപവും
തേക്കുപാട്ടും നയനമോഹന-
ലാസ്യനൃത്തവിതാനവും
കേളികൊട്ടും കളിവിളക്കുമായ്
കേവഞ്ചിയൂന്നും ഗാനവും
ഗാഥയും നല്ലമഞ്ജരീവൃത്ത
താളബന്ധമാം കാവ്യവും
തുള്ളലും, കിളിയാലപിക്കുന്ന
പാട്ടുമെത്ര മനോഹരം!
സർവഭൂഷിതയായ സുന്ദരീ
സമ്പന്നയാകും കൈരളീ
നിന്റെ പാദത്തിലർപ്പിക്കുന്നു ഞാ-
നീകൊച്ചു ഹാരമോമലേ ....
സ്വീകരിച്ചാലും ദേവി!മോദേന -
യേകിയാലുമനുഗ്രഹം!